കഴിഞ്ഞ ആഴ്ചയാണ് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചും രോഗികളായ 65 പേര്‍ മരിച്ചതിനെക്കുറിച്ചും വാര്‍ത്ത വന്നത്. രോഗവ്യാപനത്തെക്കുറിച്ചുള്ള ഭീതിപടര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ കോംഗോയില്‍ നിന്ന് പുറത്തുവരുന്നത്. രോഗം കണ്ടെത്തി രണ്ടാം ആഴ്ചയില്‍ മരണം 130 കടന്നെന്ന് അധികൃതര്‍ വ്യക്തമാക്കുകയാണ്. വരും ആഴ്ചകളില്‍ ഇത് വീണ്ടും ഇരട്ടിച്ചേക്കാം എന്ന ആശങ്കയും നിലവിലുണ്ട്.
വകഭേദം സംഭവിച്ചതാണ് പുതിയ വൈറസ്. സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ആദ്യ അഴ്ച സംപൂര്‍ണ പരാജയമായിരുന്നു ഫലം. രോഗത്തിന് കാരണം പഴയ എബോള വൈറസെന്ന് കരുതിയായിരുന്നു ചികില്‍സ പുരോഗമിച്ചിരുന്നത്. എന്നാല്‍ ഏറെ വൈകിയാണ് പഴയതിലും ശക്തിയുള്ള വ്യത്യസ്തമായ വൈറസാണ് പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. മേയ് 14നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇതിന് ബുണ്ടിബുഗ്യോ എന്ന പേരാണിട്ടിരിക്കുന്നത്.
വൈറസിനെ തിരിച്ചറിയാന്‍ വൈകിയത് വലിയ തിരിച്ചടിയായെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രാമത്തിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളില്‍ ഇതിനോടകം വൈറസ് പടര്‍ന്നുപിടിച്ച് കഴിഞ്ഞു. മുന്നൂറോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം ഛര്‍ദി എന്നിവ കൂടാതെ ശരീരത്തില്‍ നിന്നും രക്തം ഒഴുകിപ്പോകല്‍ എന്നിവയാണ് വൈറസിന്‍റെ രോഗലക്ഷണങ്ങള്‍.
ഇതിനോടകം കോംഗോ സര്‍ക്കാര്‍ മൂന്ന് എബോള ചികില്‍സാ കേന്ദ്രങ്ങള്‍ തുറന്നുകഴിഞ്ഞു. രോഗത്തിന്‍റെ അതിവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന തങ്ങളുടെ വിദഗ്ധരെ കോംഗോയിലേക്കയച്ചിട്ടുണ്ട്. കോംഗാ അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധന ശക്തമാക്കുകയും രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.