വൈറസ് ഉണ്ടാക്കുന്ന രോഗങ്ങളുടെ വ്യാപനമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നത്. എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്‍റാ വൈറസബാധ മൂന്നുപേരുടെ ജീവിനെടുത്തു. കപ്പലിലെ യാത്രക്കാരും ജീവനക്കാരും നിരന്തര നിരീക്ഷണത്തിലാണ് . ഒരുമാസം മുമ്പാണ് കരീബിയന്‍ ആഡംബരക്കപ്പലായ പ്രിന്‍സസ് ക്രൂയിസിലെ നൂറിലധികം ജീവനക്കാര്‍ക്ക് ഉദരസംബന്ധമായ ഒരു രോഗം പടര്‍ന്നുപിടിച്ചത്. ഏപ്രിൽ 28 മുതൽ മെയ് 11 വരെയുള്ള യാത്രയ്ക്കിടയിലാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നോറോവൈറസ് (Norovirus) ബാധമൂലമുണ്ടാകുന്ന വയറ് വീക്കമാണ് യാത്രക്കാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തിയത്.
എന്താണ് നോറോ വൈറസ്?
ഈ വർഷം ലോകമെമ്പാടും രേഖപ്പെടുത്തിയ ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാന കാരണം നോറോ വൈറസായിരുന്നു. അക്യൂട്ട് ഗ്യാസ്ട്രോ എൻറൈറ്റിസിന്‍റെ (വയറിളക്ക രോഗങ്ങൾ)മുഖ്യസ്രോതസമാണ് നോറോവൈറസ്. വൈറസ് ബാധ പെട്ടെന്നുള്ള ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. കരീബിയന്‍ കപ്പലിലെ രോഗവ്യാപനം ശൈത്യകാല ഛര്‍ദിരോഗകാരണമായ നോറോവൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. ആരോഗ്യ വിദഗ്ധര്‍ ഇപ്പോഴും ആഗോളതലത്തില്‍ രോഗവ്യാപന സാഹചര്യം നിരീക്ഷിച്ചു വരികയാണ്.
ജനത്തിരക്കുള്ളതും അടഞ്ഞതുമായ ഇടങ്ങളാണ് നോറോവൈറസിന് വേഗത്തില്‍ പടരാന്‍ അവസരമൊരുക്കുന്നത്. ക്രൂയിസ് കപ്പലുകൾ, സ്കൂളുകൾ, ആശുപത്രികൾ,നഴ്സിങ് ഹോമുകള്‍, കെയർ ഹോമുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ഇത് അതിവേഗം പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഈ രോഗം ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിൽക്കാറുള്ളൂ എങ്കിലും മലിനമായ പ്രതലങ്ങളിൽ ദിവസങ്ങളോളം ജീവനോടെ ഇരിക്കാൻ കഴിയുമെന്നതും, വളരെ ചെറിയ അളവിലുള്ള വൈറസുകള്‍ പോലും ഒരാളെ രോഗിയാക്കാൻ മതിയാകും എന്നതുമാണ് ഈ വൈറസിനെ നിയന്ത്രിക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്.
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പ്രകാരം, ഓരോ വർഷവും ദശലക്ഷക്കണക്കിന് ഭക്ഷ്യവിഷബാധ കേസുകൾക്ക് നോറോവൈറസ് കാരണമാകുന്നു. മിക്കവരിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമാകുമെങ്കിലും കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ വൈറസ് ബാധ മൂലമുള്ള നിർജ്ജലീകരണം ഗുരുതരമായേക്കാം.
രോഗബാധ എങ്ങനെ?
വയറിനെയും കുടലിനെയും ബാധിക്കുന്ന വീക്കത്തിന് (Gastroenteritis) കാരണമാകുന്ന, അതിവേഗം പടരുന്ന ഒരു വൈറസാണിത്. ഇതിനെ സാധാരണയായി "സ്റ്റോമക് ഫ്ലൂ" എന്ന് വിളിക്കാറുണ്ടെങ്കിലും, ഇത് ഇൻഫ്ലുവൻസയുമായി ബന്ധമുള്ള ഒന്നല്ല. മലിനമായ ഭക്ഷണം, വെള്ളം, പ്രതലങ്ങൾ അല്ലെങ്കിൽ രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെയാണ് ഇത് പടരുന്നത്.
ലക്ഷണങ്ങൾ എന്തൊക്കെ?
രോഗകാരിയുമായി സമ്പർക്കം ഉണ്ടായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ തന്നെ നോറോവൈറസ് അതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ശക്തമായ വയറിളക്കം, ഛര്‍ദി, ഓക്കാന, വയറുവേദന, പേശീവലിവ്, പനി, തലവേദന എന്നിവയ്ക്കൊപ്പം ക്ഷീണവും നിര്‍ജലീകരണവും രോഗിയെ തളര്‍ത്തും.
എങ്ങനെ പടരുന്നു?
പ്രധാനമായും 'ഫീക്കൽ-ഓറൽ' (Faecal-oral) രീതിയിലൂടെയാണ് നോറോ വൈറസ് പടരുക. രോഗബാധിതരായ ആളുകളുടെ മലത്തിലൂടെയോ ഛർദ്ദിയിലൂടെയോ പുറത്തുവരുന്ന വൈറസ് കണികകൾ ഭക്ഷണത്തിലോ വെള്ളത്തിലോ കലര്‍ന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. വൈറസ് ലക്ഷണങ്ങൾ മാറിയതിനുശേഷവും കുറച്ചുദിവസം കൂടി രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്.
ക്രൂയിസ് കപ്പലുകൾ എന്തുകൊണ്ട് അപകടസാധ്യതയുള്ളതാകുന്നു?
ആയിരക്കണക്കിന് യാത്രക്കാർ ഒരേ ഭക്ഷണശാലകളും ശൗചാലയങ്ങളും വിനോദസ്ഥലങ്ങളും പങ്കിടുന്നതിനാൽ വൈറസ് പടരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ക്രൂയിസ് കപ്പലുകളിലുള്ളത്. കരീബിയൻ പ്രിൻസസിലെ സംഭവത്തെത്തുടർന്ന് ഇത്തരം കപ്പലുകളില്‍ ഐസൊലേഷൻ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ചികിത്സയുണ്ടോ?
നോറോവൈറസിന് പ്രത്യേക വാക്സിനോ മരുന്നുകളോ നിലവിലില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കുക എന്നതാണ് പ്രധാന ചികിത്സ. ദ്രവരൂപത്തിലുള്ള ഭക്ഷണം രോഗിക്ക് കുടിക്കാന്‍ നല്‍കുന്നതാണ് പ്രധാന പ്രതിരോധം. ഒ.ആര്‍.എസ് പോലുള്ള പാനീയങ്ങളും നിര്‍ജലീകരണം സംഭവിക്കുന്നത് തടയും. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഒപ്പം നല്ല വിശ്രമവും രോഗിക്ക് ആവശ്യമാണ്.
പ്രതിരോധ മാർഗങ്ങൾ
ആന്‍റിബയോട്ടിക്കുകൾ കാര്യമായൊന്നും വൈറസിനെതിരെ പ്രവർത്തിക്കില്ല എന്നതുകൊണ്ടുതന്നെ ശരിയായ വ്യക്തിശുചിത്വം തന്നെയാണ് രോഗത്തിനുള്ള ഏക പ്രതിരോധമാര്‍ഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. എന്നാല്‍ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ മാത്രം നോറോവൈറസിനെതിരെ പൂർണമായും ഫലപ്രദമാകണമെന്നില്ല. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. കക്കയിറച്ചി പോലുള്ളവ നന്നായി വേവിച്ചു മാത്രം കഴിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പ്രതലങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ലക്ഷണങ്ങൾ മാറിയതിനുശേഷവും ചുരുങ്ങിയത് 48 മണിക്കൂർ നേരത്തേക്ക് മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക.
ഹന്‍റാ വൈറസും (Hantavirus) നോറ വൈറസും (Norovirus) തമ്മില്‍ സാമ്യമുണ്ടോ?
ഹന്‍റാ വൈറസും (Hantavirus) നോറ വൈറസും (Norovirus) തമ്മിൽ അടിസ്ഥാനപരമായി വലിയ സാമ്യങ്ങളില്ല. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ രീതിയിൽ പകരുന്നതും ശരീരത്തെ ബാധിക്കുന്നതുമായ വൈറസുകളാണ്. ഹന്‍റാ വൈറസ് പ്രധാനമായും എലി, പെരിച്ചാഴി തുടങ്ങിയവയിലൂടെയാണ് പകരുന്നത്. ഇവയുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ ഇവ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുന്നത് ശ്വസിക്കുന്നതിലൂടെയോ ആണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാല്‍ നോറോ വൈറസ് പ്രധാനമായും മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. കൂടാതെ രോഗബാധയുള്ള വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പടരാം. ഹന്‍റാ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കില്‍ നോറോ വൈറസ് ഉദരസംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇവ രണ്ടും ആർ.എൻ.എ (RNA) വൈറസുകളാണ് എന്നത് മാത്രമാണ് ശാസ്ത്രീയമായ ഏക സാമ്യം.
ഇന്ത്യയിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?
2026-ൽ ഇതുവരെ ഇന്ത്യയിൽ വലിയ തോതിലുള്ള നോറോവൈറസ് ബാധകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും മുൻവർഷങ്ങളിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗബാധ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകളിലുണ്ടായ പകർച്ചവ്യാധി കേസുകളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിലെ സാഹചര്യം ആരോഗ്യവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ ആരോഗ്യ ഏജൻസികൾ നൽകിയ വിശദീകരണ പ്രകാരം നിലവിൽ ഇന്ത്യയിൽ ഉടനടി പൊതുജനാരോഗ്യ ഭീഷണിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രകളും ടൂറിസവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നോറോവൈറസിനെക്കുറിച്ചുള്ള അവബോധവും മുൻകരുതലും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.