sheeran-shingles

രോഗചിത്രം പ്രതീകാത്മകം

തനിക്ക് ഷിംഗിള്‍സ് രോഗം സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലോകപ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍. കഴിഞ്ഞ ഒരു മാസമായി താന്‍ ഷിംഗിള്‍സ് രോഗബാധിതനാണെന്നും ഇപ്പോള്‍ നിലമെച്ചപ്പെട്ടുവരികയാണെന്നും താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് എഡ് ഷീരന്‍ തന്‍റെ ആരോഗ്യസ്ഥിതി ആരാധകരുമായി പങ്കുവച്ചത്. എന്താണ് ഷിംഗിള്‍സ് രോഗം? എന്തൊക്കെയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍?

ചിക്കന്‍ പോക്സിന് കാരണമായ വെരിസെല്ല സോസ്റ്റര്‍ വൈറസാണ് ഷിംഗിള്‍സ് രോഗത്തിനും പിന്നില്‍. മുന്‍പ് എപ്പോഴെങ്കിലും ചിക്കന്‍ പോക്സ് ബാധിച്ച വ്യക്തിയില്‍ ഈ വൈറസ് നശിക്കാതെ കിടക്കുകയും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ഇപ്പുറം ആക്ടീവ് ആയി മാറുകയും ചെയ്യുമ്പോഴാണ് ഷിംഗിള്‍സ് രോഗബാധയുണ്ടാകുന്നത്. ഹെർപ്പസ് സോസ്റ്റർ എന്ന പേരിലും ഷിംഗിള്‍സ് രോഗം അറിയപ്പെടുന്നുണ്ട്. ഷിംഗിള്‍സ് രോഗത്തിന്‍റെ ആദ്യലക്ഷണങ്ങള്‍ക്ക് പനിയ്ക്ക് സമാനമാണ്. അതിനാല്‍ രോഗം തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. 

പനിയുടെ ലക്ഷണങ്ങള്‍ക്കൊപ്പം ക്ഷീണം, വേദന, ചൊറിച്ചില്‍, പെരുപെരുപ്പ് എന്നിങ്ങനെയുളള അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. തുടര്‍ന്ന് സ്രവം നിറഞ്ഞ കുമിളകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ചിക്കന്‍ പോക്സ് പോലെ തന്നെ ഈ കുമിളകളിലെ സ്രവം പറ്റുന്നയാള്‍ക്കും രോഗം പകരാം. സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. ഷിംഗിള്‍സ് ഒരിക്കല്‍ വന്നുപോയാലും വീണ്ടും വരാനുളള സാധ്യത ഏറെയാണ്. അസഹനീയമായ വേദനയാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ സാധിക്കുന്നത്. അതായത് നെഞ്ച്, മുഖത്തിന്‍റെ ഒരു വശം, ശരീരത്തിന്‍റെ പിറകുവശം, വയറിന് താഴെയുളള ഭാഗം എന്നിവിടങ്ങളില്‍ ലക്ഷണങ്ങള്‍ സാരമായി തന്നെ പ്രത്യക്ഷപ്പെട്ടേക്കാം.

ശരീരത്ത് പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ ഉണങ്ങാന്‍ ഏകദേശം 10 ദിവസം വേണ്ടിവന്നേക്കാം. എന്നാല്‍ ഇതിനുശേഷം രോഗി പോസ്റ്റ്‌ഹെര്‍പ്പറ്റിക്ക് ന്യൂറാള്‍ജിയ എന്ന അവസ്ഥയിലേക്ക് പോയേക്കാം. നാഡീഞരമ്പുകളില്‍ കടുത്ത വേദന രോഗിക്ക് അനുഭവപ്പെട്ടേക്കാം. പ്രായമായവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, പ്രമേഹബാധിതര്‍, ക്യാന്‍സര്‍ ബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പെട്ടന്ന് ഷിംഗിള്‍സ് വരാന്‍ സാധ്യതയുണ്ട്. ‍ചിക്കന്‍പോക്സ് വന്നവര്‍ പ്രതിരോധവാക്സിന്‍ എടുത്താല്‍ ഷിംഗിള്‍സ് വരാതെ തടയാന്‍ കഴിയും. 

ENGLISH SUMMARY:

Ed Sheeran has announced his diagnosis of shingles, a viral infection causing a painful rash. He confirmed he has been suffering from the condition for a month and is now recovering, sharing his health update via social media. The article delves into what shingles are, its symptoms, and its connection to the chickenpox virus.