dr-sethu-cobra-2

ഡോ.സേതു

പാമ്പുകടിയേറ്റാൽ ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴിയാണ് ആന്റി സ്നേക്ക്  വെനം ( Anti-Snake venom). അതായത്, പാമ്പിന്റെ വിഷത്തെ (Venom) നിർവീര്യമാക്കാൻ കഴിയുന്ന പ്രതിവിഷം. പാമ്പിന്റെ വിഷം ശരീരത്തിലെ രക്തത്തെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്നതിന് മുൻപ് അതിനെ തടയാൻ ഇത് സഹായിക്കുന്നു. ഏത് സാഹചര്യത്തിൽ ആണ് ഒരു രോഗിക്ക് ASV നൽകാറുള്ളത്, ഇത് നൽകിയാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്ന് വിശദീകരിക്കുകയാണ് തിരുവല്ല മെഡിക്കൽ മിഷനിലെ കൺസൽട്ടന്റ്  എമർജൻസി ഫിസിഷ്യൻ ആയ ഡോ. എസ്. സേതു.

നിർമാണം

സാധാരണയായി പാമ്പിന്റെ വിഷം ചെറിയ അളവിൽ കുതിരകളിൽ കുത്തിവെക്കുന്നു. അതിനെതിരെ കുതിരയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ശേഖരിച്ച് വേർതിരിച്ചാണ് ASV നിർമ്മിക്കുന്നത്. മൃഗത്തിന്റെ പ്രതിരോധ സംവിധാനം ആ വിഷത്തിനെതിരെ പോരാടാൻ ആവശ്യമായ ആന്റിബോഡികൾ (Antibodies) ഉത്പാദിപ്പിക്കുന്നു.

ഈ മൃഗങ്ങളുടെ രക്തം ശേഖരിച്ച് അതിൽ നിന്നും ആന്റിബോഡികൾ വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ആന്റി വെനം നിർമ്മിക്കുന്നത്.

എപ്പോൾ നൽകണം?

എല്ലാ പാമ്പുകടിയിലും ASV ആവശ്യമില്ല. താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടായാൽ മാത്രമാണ് നൽകേണ്ടത്:

• രക്തസ്രാവ പ്രശ്നങ്ങൾ

• നാഡീവ്യൂഹ ലക്ഷണങ്ങൾ (കണ്ണ് അടഞ്ഞു പോകുക, കാഴ്ച മങ്ങുക , രണ്ടായി കാണുക, ശ്വസിക്കാൻ ബുദ്ധിമുട്ട്)

• ഷോക്ക് അടിക്കുന്ന പോലെയുള്ള തോന്നൽ അല്ലെങ്കിൽ മറ്റ് ഗുരുതര ലക്ഷണങ്ങൾ

ASVയ്ക്ക് അപകടസാധ്യതയുണ്ടോ?

ഉണ്ട്. ചിലപ്പോൾ ചിലരിൽ അലർജി ഉണ്ടായേക്കാം. ചൊറിച്ചിൽ, ചർമത്തിൽ പൊട്ടൽ തുടങ്ങിയവ മുതൽ കുറച്ചു ഗൗരവമായ  അനഫൈലാക്സിസ് എന്ന അവസ്ഥയും ഉണ്ടാകാം. എന്നാൽ ASV-യുടെ പാർശ്വഫലങ്ങൾ പേടിച്ച് ചികിത്സ നൽകാതിരിക്കരുത്. പാമ്പ് വിഷബാധയേക്കാൾ പെട്ടെന്ന് ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് ASV മൂലമുള്ള അലർജി. അതുകൊണ്ടാണ് തീവ്രപരിചരണ വിഭാഗം (ICU) ഉള്ള ആശുപത്രികളിൽ വെച്ച് ASV നൽകുന്നത് കൂടുതൽ സുരക്ഷിതമാകുന്നത്.

ASV എല്ലായിടത്തും ലഭ്യമാണോ?

കേരളത്തിലെ എല്ലാ ആശുപത്രികളിലും ASV ലഭ്യമാണെന്ന് പറയാൻ കഴിയില്ല. എന്നാൽ സർക്കാർ സംവിധാനങ്ങൾ വഴി വളരെ വിപുലമായ രീതിയിൽ ഇത് വിതരണം ചെയ്യുന്നുണ്ട്. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും, മിക്കവാറും ജില്ലാ, ജനറൽ ആശുപത്രികളിലും ആന്റി വെനം സ്റ്റോക്ക് ഉണ്ടാവാറുണ്ട്. സർക്കാർ ആശുപത്രികളിൽ പാമ്പുകടിക്കുള്ള ചികിത്സയും ASV-യും പൂർണ്ണമായും സൗജന്യമാണ് .വലിയ സ്വകാര്യ ആശുപത്രികളിൽ (Tertiary care centers) ഇത് ലഭ്യമാണ്. എന്നാൽ  ചെറിയ ക്ലിനിക്കുകളിലും ലാബുകളിലും ഉണ്ടാകില്ല.

പാമ്പുകടിയേറ്റ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുൻപ് അവിടെ ASV ലഭ്യമാണോ എന്ന്  ചോദിച്ചു മനസ്സിലാക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക

പാമ്പുകടിയേറ്റാൽ എത്രയും വേഗം ആന്റി വെനം നൽകുന്നത് ജീവൻ രക്ഷിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പച്ചമരുന്ന്, മന്ത്രവാദം എന്നിവ പരീക്ഷിക്കുന്നത് ജീവൻ അപകടത്തിലാക്കും. ശാസ്ത്രീയ ചികിത്സാരീതി മാത്രം പിന്തുടരുക.

ENGLISH SUMMARY:

Anti-Snake Venom (ASV) is the only proven treatment to save lives in snakebite cases. This article explains how ASV is made, when it should be administered, and the risks involved. Experts highlight that not all snakebites require ASV, but timely intervention is crucial when symptoms appear. While minor allergic reactions may occur, they are manageable compared to the dangers of venom. The article also details ASV availability in Kerala hospitals and stresses the importance of avoiding unscientific treatments. Early medical care remains the key to survival.