നടുവേദന.. ഏതൊരു മനുഷ്യനും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും നട്ടെല്ലിനുണ്ടാകുന്ന ഈ വേദന. കുറേനേരം ഇരുന്നാലും നിന്നാലും കിടന്നാലും നടുവേദന വരും. എന്നുമുതലാണ് മനുഷ്യന് നടുവേദന വരാന്‍ തുടങ്ങിയത്? ചോദ്യം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെങ്കിലും ഉത്തരം ലളിതമാണ്. മനുഷ്യര്‍ നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയത് മുതല്‍.
പഠനങ്ങള്‍ പ്രകാരം പരിണാമത്തിന്‍റെ ഒരു കാലഘട്ടത്തില്‍ നാലുകാലുകളില്‍ നടന്നിരുന്ന ആദിമമനുഷ്യന്‍ സാവധാനത്തില്‍ രണ്ടുകാലുകളില്‍ നടക്കാന്‍ തുടങ്ങി. ആയുധങ്ങള്‍ കയ്യില്‍ പിടിക്കാനും കൂടുതല്‍ ഉയരത്തില്‍ നിന്ന് കാഴ്ചകള്‍ കാണുവാനുമാണ് ഈ രീതി തുടങ്ങിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ കാലം രണ്ടുകാലില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ പരിണാമവും പ്രവര്‍ത്തിച്ചു. നട്ടെല്ലിന്‍റെ പ്രവര്‍ത്തനരീതിയും മാറി. അതുവരെ ചരിഞ്ഞു നിന്നിരുന്ന നട്ടെല്ല് നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങി. ഇതോടെ കൈകളുടെയും തലയുടെയും ആന്തരികാവയവങ്ങളുടെയെല്ലാം ഭാരം നട്ടെല്ലിന് താങ്ങേണ്ടതായി വന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുകാലില്‍ നടക്കാന്‍ തീരുമാനിച്ചതിന് വിലയായി കൊടുക്കേണ്ടി വന്നത് നട്ടെല്ലിന് അമിതഭാരമായിരുന്നു.
അതുവരെ ചുരുങ്ങിയ ഭാരം മാത്രം താങ്ങേണ്ടിയിരുന്ന നട്ടെല്ലിന് ഇരട്ടി പണിയായി. എന്നാല്‍ നട്ടെല്ലിലെ ഡിസ്കുകള്‍ക്ക് വലുപ്പം കൂട്ടി ഒരഡ്ജസ്റ്റ്മെന്‍റാണ് പരിണാമം ഇതിന് പ്രതിവിധിയായി നല്‍കിയത്. മനുഷ്യ പരിണാമം അവിടെയും തീര്‍ന്നില്ല. നടന്നു തുടങ്ങിയ മനുഷ്യന് ഇപ്പോഴത്തെ മനുഷ്യരേക്കാള്‍ ഉയരം കുറവായിരുന്നു. വേട്ടകുറച്ച് മനുഷ്യന്‍ പിന്നെ കൃഷി തുടങ്ങി. കൃത്യമായി ഭക്ഷണവും ചികില്‍സയുമെല്ലാം ലഭിച്ചു തുടങ്ങിയതോടെ
മനുഷ്യന്‍ വളരാന്‍ തുടങ്ങി. ഇതോടെ ഭാരവും കൂടി. നട്ടെല്ലിന് ഈ ചുരുങ്ങിയ കാലം കൊണ്ട് ശരീരത്തിനനുസരിച്ച് പരിണമിക്കാനായില്ല.
ശിലായുഗ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നും അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 20 മുതല്‍ 40 വയസുവരെയാണെന്ന് കണക്കു കൂട്ടിയിരുന്നു. അതായത് 90– 100 വയസുവരെ ജീവിച്ചിരിക്കുന്നവര്‍ പ്രാചീന മനുഷ്യനേക്കാള്‍ മൂന്ന് മടങ്ങോളം ആയുസുള്ളവരാണ്. എന്തിന് ബ്രിട്ടീഷ് ഇന്ത്യയിലെ ശരാശരി പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 25 വയസായിരുന്നു. മരുന്നുകളും മറ്റും അസുഖങ്ങളും ജീവിതനിലവാരവും ഉയര്‍ത്തുമ്പോഴും മനുഷ്യന്‍റെ ആന്തരിക ഘടികാരം 30നെ വാര്‍ധക്യമായി കണക്കാക്കുന്നു. വാര്‍ധക്യസഹചമായ പല ശാരീരികമാറ്റങ്ങളും ഇപ്പോഴാണ് തുടങ്ങുന്നത്. ഇതും നട്ടെല്ലിന്‍റെ ബലക്കുറവിന് കാരണമാകുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യരുടെ പൂര്‍വികര്‍ നാലുകാലിലാണ് നടന്നിരുന്നുവെങ്കില്‍ ഈ നടുവേദന ആധുനിക മനുഷ്യന്‍ സഹിക്കേണ്ടി വരില്ലായിരുന്നത്രേ.