TOPICS COVERED

ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതശൈലിയും മാനസിക സമ്മർദ്ദവും കാരണം ഇന്ന് പലർക്കും ഉറക്കം ഒരു സ്വപ്നം മാത്രമായി മാറുകയാണ്. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാൻ സഹായിക്കുന്ന ചിട്ടയായ ഒരു 'ബെഡ് ടൈം റുട്ടീന്‍' ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ദിനചര്യ, നമ്മുടെ തലച്ചോറിന് വിശ്രമിക്കാനും ഉറക്കത്തിലേക്ക് പതിയെ പ്രവേശിക്കാനും ഒരു സിഗ്നൽ നൽകുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാൻ കിടക്കുകയും ഒരേ സമയം ഉണരുകയും ചെയ്യുന്നതാണ് ഈ ചിട്ടയുടെ അടിസ്ഥാനം.

ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകൾ ശാന്തവും സമ്മർദ്ദമില്ലാത്തതുമായി നിലനിർത്തണം. ഇതിനായി ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം. ഈ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം  നമ്മുടെ ശരീരത്തിലെ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലടോണിന്‍റെ ഉത്പാദനത്തെ തടസപ്പെടുത്തും. പകരം, ശാന്തമായ ഒരു പുസ്തകം വായിക്കുകയോ, മൃദുലമായ സംഗീതം കേൾക്കുകയോ, അല്ലെങ്കിൽ ഒരു ഡയറിയിൽ അന്നത്തെ ചിന്തകൾ എഴുതിവെക്കുകയോ ചെയ്യുന്നത് മനസിനെ ശാന്തമാക്കാൻ സഹായിക്കും. കൂടാതെ, കിടക്കുന്നതിന് മുമ്പ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികൾക്ക് അയവ് നൽകാനും ടെൻഷൻ കുറയ്ക്കാനും നല്ലതാണ്.

ഉറക്ക ദിനചര്യയുടെ ഭാഗമായി, കിടപ്പുമുറിയുടെ അന്തരീക്ഷം സുഖകരമാക്കാൻ ശ്രദ്ധിക്കണം. മുറിയിൽ ആവശ്യത്തിന് ഇരുട്ടും തണുപ്പും ശാന്തതയും ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കനത്ത ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. മദ്യം, കാപ്പി, ചായ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ഇവ ദഹനപ്രശ്‌നങ്ങളുണ്ടാക്കാനും ഉറക്കം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. മെഡിറ്റേഷന്‍, ലഘുവായ ശ്വസന വ്യായാമങ്ങൾ  എന്നിവ ഈ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സിനെ ശാന്തമാക്കാനും, മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

ENGLISH SUMMARY:

Bedtime routine is crucial for a healthy lifestyle. Establishing a consistent bedtime routine signals to the brain that it's time to relax and prepare for sleep, leading to improved physical and mental health.