മറ്റൊരാൾക്ക് ജീവിതം തിരികെ നൽകാൻ നമ്മുടെ ഒരവയവത്തിന് കഴിയുമെങ്കിൽ അത് എത്ര മഹത്തായ കാര്യമാണ്. അവയവദാനം പ്രത്യേകിച്ച് ഒരു വൃക്ക ദാനം ചെയ്യുമ്പോൾ ദാതാവും സ്വീകർത്താവും ഒരുപോലെ ആരോഗ്യത്തോടെയിരിക്കേണ്ടത് അത്യാവശ്യമാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതിയൊരു ജീവിതം ലഭിക്കുന്ന വ്യക്തിക്ക് മാത്രമല്ല, സ്വന്തം വൃക്ക ദാനം ചെയ്ത വ്യക്തിക്കും കൃത്യമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഇരുവർക്കും ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പാക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ സീനിയർ നെഫ്രോളജി കൺസൾട്ടന്‍റ് ഡോ ജോജോ പുല്ലോക്കര പറയുന്നു.
വൃക്ക സ്വീകരിക്കുന്നവർക്കുള്ള നിർദേശങ്ങൾ
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ ജീവിതം ആരംഭിക്കുന്ന ഒരാൾക്ക് ശ്രദ്ധിക്കാൻ ചില കാര്യങ്ങളുണ്ട്. ശരിയായ പരിചരണത്തിലൂടെ മാത്രമേ മാറ്റിവെച്ച വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കൂ.
* മരുന്നുകളുടെ കൃത്യമായ ഉപയോഗം
മാറ്റിവെച്ച വൃക്ക ശരീരം തിരസ്കരിക്കുന്നത് തടയാൻ സഹായിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിക്കുക. മരുന്നുകൾ കഴിക്കേണ്ട സമയവും അളവും കൃത്യമായി മനസിലാക്കുക. ഡോക്ടറുടെ അനുമതിയില്ലാതെ ഒരു കാരണവശാലും മരുന്ന് നിർത്തരുത്.
* അണുബാധ ഒഴിവാക്കാൻ
ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യത്തെ 90 ദിവസത്തേക്ക് ശരീരത്തിന്‍റെ പ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ, രോഗാണുക്കളിൽ നിന്ന് സ്വയം രക്ഷിക്കാനായി തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക,
പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക,
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.
* ആരോഗ്യകരമായ ഭക്ഷണക്രമം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
നന്നായി വേവിക്കാത്ത ഭക്ഷണം (ഇറച്ചി) പൂർണ്ണമായും ഒഴിവാക്കുക.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
* വ്യായാമം
വൃക്ക മാറ്റിവയ്ക്കലിന് ശേഷം ശരീരഭാരം കൂടാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, ഡോക്ടറുടെ നിർദേശ പ്രകാരം കൃത്യമായി വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.
വൃക്ക ദാനം ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ
ഒരു വൃക്ക ദാനം ചെയ്ത ശേഷവും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും. ദാതാവിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്.
* ജീവിതശൈലി
വെള്ളം കുടിക്കുക. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.
* പതിവ് പരിശോധനകൾ
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന സമയങ്ങളിൽ കൃത്യമായി ആരോഗ്യ പരിശോധനകൾ നടത്തുക.
* ആരോഗ്യകരമായ ഭക്ഷണം
വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണക്രമം പിന്തുടരുക. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* വ്യായാമം
ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. അമിത രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം എന്നിവ തടയാൻ വ്യായാമം മുടങ്ങാതെ ചെയ്യുക.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുക. വേദനസംഹാരികൾ പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക. പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെടാനും ആരോഗ്യകരമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ കൗൺസിലിംഗ് തേടാവുന്നതാണ്.
അവയവദാനം എന്നത് ജീവൻ നൽകുന്ന ഒരു സൽകർമ്മമാണ്. ഈ പ്രക്രിയ വിജയകരമാകാൻ ദാതാവിൻ്റെയും സ്വീകർത്താവിൻ്റെയും കൂട്ടായ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്.