‘കാന്ടാ ലഗാ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാലയുടെ പെട്ടെന്നുള്ള വേര്‍പാട് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ട നിലയിലാണ് താരത്തെ കണ്ടെത്തുന്നത്. പെട്ടന്നുണ്ടായ ഹൃദയസ്തംഭനമാണ് 42 കാരിയായ ഷെഫാലിയുടെ മരണ കാരണം എന്നാണ് കരുതുന്നത്. എങ്കില്‍പ്പോലും ഷെഫാലിയുടെ മരണത്തിന് പിന്നാലെ യുവതി– യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ഹൃദയസ്തംഭനം ചര്‍ച്ചയാകുകയാണ്.
ഹൃദയാഘാതമല്ല ഹൃദയസ്തംഭനം
ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ പലപ്പോളായി മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും ഇവ രണ്ടും രണ്ടാണെന്ന് മനസിലാക്കുക. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതം സംഭവിച്ചാലും നിങ്ങള്‍ ബോധാവസ്ഥയിലായിരിക്കാം. വേദനയുണ്ടാകുമെങ്കിലും അവിടെ സഹായം തേടാൻ സമയമുണ്ട്.
എന്നാല്‍ ഹൃദയസ്തംഭനം മറ്റൊന്നാണ്. പലപ്പോളും വെൻട്രിക്കുലാർ ഫൈബ്രിലേഷൻ കാരണം ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിർത്തുകയും തലച്ചോര്‍, കിഡ്നി, ശ്വാസകോശം ഉള്‍പ്പെടെയുള്ള വിവിധ അവയവങ്ങളിലേക്ക് രക്തം എത്താതെയും വരുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ വ്യക്തി ഉടനടി ബോധരഹിതനാകുകയും ശ്വാസം നിലയ്ക്കുകയും ചെയ്യും. മിനിറ്റുകൾക്കുള്ളിൽ സിപിആര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണ്.
ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങള്‍
ലക്ഷണങ്ങളെ കുറിച്ച് അറിവില്ലായ്മയാണ് ഹൃദയസ്തംഭനത്തിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. പലപ്പോളും ഹൃദയാഘാതം പോലെ നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങളോടൊപ്പമായിരിക്കും ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്നാണ് മിക്ക ആളുകളും കരുതുന്നത്. എന്നാല്‍ ഹൃദയസ്തംഭനം സംഭവിച്ച മിക്ക ആളുകളിലും ഒരു മണിക്കൂർ മുമ്പ് ഒന്നോ അതിലധികമോ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടുണ്ടാകും. ചില ലക്ഷണങ്ങൾ ഹൃദയസ്തംഭനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പോലും പ്രത്യക്ഷപ്പെടാമെന്ന് യുഎസ് നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഹൃദയസ്തംഭനം സംഭവിച്ച പലർക്കും ഉടനടി ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നുണ്ട്.
പൊതുവേ പറഞ്ഞാല്‍ നമ്മള്‍ സാധാരണയായി അവഗണിക്കുന്ന ചികില്‍സതേടാത്ത പലതും ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങളാകാം. നടക്കുമ്പോഴോ, എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യുമ്പോഴോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, ഊര്‍ജ്ജക്കുറവ്, ക്ഷീണം, കാലിലും വയറിലും നീര്‍ക്കെട്ട് എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. സ്ത്രീകളില്‍ ഓക്കാനം, നടുവേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പോലും ഉണ്ടാകാറുണ്ട്. കഠിനമായി വ്യായാമം ചെയ്യുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോളോ ആവർത്തിച്ചുള്ള തലകറക്കം അല്ലെങ്കിൽ ബോധക്ഷയം, ഹൃദയമിടിപ്പ് വര്‍ധിക്കുക അല്ലെങ്കില്‍ മിടിപ്പ് താളെ തെറ്റുന്നതുപോലെ തോന്നുക തുടങ്ങി ബോധക്ഷയം പോലും ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരിൽ, ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള സാധ്യത കൂടുതലാണ്.
റിസ്ക് ആര്‍ക്കെല്ലാം?
ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ് ഹൃദയസ്തംഭനം എന്നോര്‍ക്കുക. ഹൃദ്രോഗം ഈ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയാഘാതം ഉണ്ടായവര്‍ക്കോ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ മുന്‍പ് ചെയ്തവര്‍ക്കോ ഹൃദയം നിലയ്ക്കാനുള്ള സാധ്യത അധികമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ദീര്‍ഘകാലത്തെ അനിയന്ത്രിത രക്തസമ്മര്‍ദമോ പ്രമേഹമോ ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. അതേസമയം, മിതമായ തോതിലുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, ആവശ്യത്തിന് ഉറക്കം എന്നിവ ഹൃദയസ്‌തംഭനത്തിനും ഹൃദയാഘാതത്തിനുമൊക്കെയുള്ള സാധ്യത കുറയ്‌ക്കുന്നതായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.