ആധുനിക ലോകത്തെ തിരിച്ചറിയില്‍ രേഖയാണ് യഥാര്‍ഥത്തില്‍ ഡിഎന്‍എ .മനുഷ്യരെയടക്കം ഏത് ജൈവവസ്തുവിനെയും തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയിലൂടെ കഴിയും. എന്നാല്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഡിഎന്‍എ പരിശോധനയും അതിന്‍റെ പരിധിയിലെത്തിയ അവസ്ഥയാണ്. ഇനിയും തിരിച്ചറിയാനാകാതെ കത്തിക്കരിഞ്ഞ 18 മൃതദേഹങ്ങളാണ് മോര്‍ച്ചറിയുടെ തണുത്ത അറയ്ക്കുള്ളില്‍ ബന്ധുക്കളെ കാത്തിരിക്കുന്നത്.
ഭൂമിയിലെ ഓരോ ജൈവീകവസ്തുവിന്‍റെയും ബ്ലൂപ്രിന്‍റ് ആണ് ഡിഎന്‍എ എന്ന് വേണമെങ്കില്‍ പറയാം. ആ ജീവി ഏത് രീതിയില്‍ വളരണം, എന്തെല്ലാം സവിശേഷതകള്‍ ആ ജീവിക്ക് വേണം എന്നതിലെല്ലാം ഡിഎന്‍എ പങ്കുവഹിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ എല്ലാ ജീവജാലങ്ങളുടെയും വളർച്ചയും ഘടനയും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ജനിതക വിവരങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിക് അമ്ലമാണ് ഡിഎന്‍എ എന്ന ഡിയോക്സിറൈബോ ന്യുക്ലിക്ക് ആസിഡ്. അടുത്ത ജീവിവര്‍ഗങ്ങളുടെ ഡിഎന്‍എ വളരെ സാദൃശ്യമുള്ളതായിരിക്കും. രക്തബന്ധമുള്ളവര്‍ക്കാകട്ടെ ഡിഎന്‍എയില്‍ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാവുകയുള്ളു.
അഹമ്മദാബാദ് വിമാനാപകടത്തിലേക്ക് കടക്കുമ്പോള്‍ അധികം ശരീരങ്ങളും കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. ത്വക്ക്, നഖങ്ങള്‍, എല്ല്, ശരീരസ്രവങ്ങള്‍, ചോരയുടെ അംശം, മുടി എന്നിവായാണ് ഇത്തരം അപകടങ്ങളില്‍ പരിശോധനാ സാംപിളുകളായി സ്വീകരിക്കാറുള്ളത്. തുടര്‍ന്ന് ഇവരുമായി അടുത്ത ബന്ധമുള്ള ആളുകളുടെ ഡിഎന്‍എ, സാംപിളുമായി താരതമ്യം ചെയ്ത് വ്യക്തത വരുത്തുകയാണ് ചെയ്യുക. മരിച്ചവരെ തിരിച്ചറിയാന്‍ അല്ലാതെ കുറ്റാന്വേഷണത്തിനും പിതൃത്വം തിരിച്ചറിയാനുമടക്കം ഡിഎന്‍എ പരിശോധിക്കാറുണ്ട്.
സാംപിളെടുക്കലാണ് ഡിഎന്‍എ പരിശോധനയുടെ ഏറ്റവും പ്രധാന ഘടകം. എത്ര നല്ല സാംപിള്‍ ലഭിക്കുന്നു എന്നതിനനുസരിച്ച് ഡിഎന്‍എ തരംതിരിക്കുക എളുപ്പമാകും. ഡിഎന്‍എയ്ക്ക് നശിക്കാന്‍ അധികം സമയം ആവശ്യമില്ല. ചൂട്, സൂര്യപ്രകാശം, ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയ്ക്ക് ഡിഎന്‍എയെ അനായാസം നശിപ്പിക്കാനാകും. അഹമ്മദാബാദ് വിമാനാപകടത്തില്‍ വെന്തു മരിച്ചവരുടെ ശരീരത്തിലെ ഡിഎന്‍എ അടക്കം നഷ്ടപ്പെട്ടെന്നതാണ് പ്രധാന പ്രശ്നം.
ഇത് കൂടാതെ ഡിഎന്‍എ പരിശോധനയിലെ മറ്റൊരു പ്രധാന പ്രശ്നം സാംപിളുകള്‍ കലരുന്നതാണ്. രണ്ടുപേരുടെ ശരീരം അടുത്ത് കിടന്ന് കത്തിക്കരിഞ്ഞാല്‍ പരസ്പരം ക്രോസ് കണ്ടാമിനേഷന്‍ അതായത് രണ്ട് ഡിഎന്‍എയും കലരുന്ന അവസഥ ഉണ്ടാകും. അതുപോലെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നതും പ്രധാനമാണ്. ഉപകരണങ്ങളുടെ സഹായത്തോടെ ശ്രദ്ധാപൂര്‍വം ഡിഎന്‍എ ഒരാള്‍ ഈ ശരീരവശിഷ്ടങ്ങളെടുത്താല്‍ ആ അവശിഷ്ടത്തില്‍ അത് എടുക്കുന്ന ആളുടെ ഡിഎന്‍എ കലര്‍ന്നേക്കാം. ശാസ്ത്രത്തിനും പരിധികളുണ്ടെന്നതിന് ഉദാഹരണമാണ് ഈ ഡിഎന്‍എ അനാലിസിലെ പ്രശ്നങ്ങള്‍.