TOPICS COVERED

ഓഫീസിലെ എ.സിയുടെ തണുപ്പ് പലര്‍ക്കും പല തരത്തില്‍ അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?ചിലര്‍ സ്വെറ്ററും മഫ്ലറും എല്ലാമിട്ട് തണുപ്പിനെ പ്രതിരോധിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുമ്പോള്‍ മറ്റ് ചിലര്‍ ഈ എസിക്കെന്താ ഒട്ടും തണുപ്പില്ലാത്തെ എന്ന് ആകുലപ്പെടുന്നതും കാണാം.. എന്തുകൊണ്ടാണ് പലര്‍ക്കും പല തരത്തില്‍ ഇങ്ങനെ അനുഭവപ്പെടുന്നത് എന്നറിയാമോ?.നോക്കാം.

ഒട്ടുമിക്ക ഓഫീസുകളിലും സെന്‍ട്രലൈസ്ഡ് എ.സിയാണ് ഉപയോഗിക്കുന്നത്. 'വണ്‍ സൈസ് ഫിറ്റ്‌സ് ഫോര്‍ ആള്‍' രീതിയിലുള്ളതാണ് സെന്‍ട്രലൈസ്ഡ് എസി. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഐ.ഐ.ടിയിലെ പ്രൊഫസര്‍ അനുരാഗ് ഗോയല്‍ പറയുന്നത് ഇങ്ങനെയാണ്.

ഏറ്റവും മോശമായ സാഹചര്യത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രലൈസ്ഡ്  എ.സികള്‍ നിര്‍മിച്ചിരിക്കുന്നത്.അതായത് വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ താപനിലയെ പ്രതിരോധിക്കാന്‍ ഉതകുന്ന വണ്ണമാണ് ഓഫീസികളില്‍ സെന്‍ട്രലൈസ്ഡ് എ.സി കള്‍ ക്രമീകരിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ സാധാരണ ചൂടുള്ള ദിവസങ്ങളിലും ഓഫീസില്‍ ആളുകള്‍ കുറവുള്ള ദിവസങ്ങളിലും ആവശ്യത്തിലധികം തണുപ്പ് അനുഭവപ്പെടും.

കൂടാതെ മുറിയിലെ മോശം വായു സഞ്ചാരവും ഇന്‍സുലേഷനും തണുപ്പിനെ ബാധിക്കുന്നു.ചില മുറികളിലെ ചിലഭാഗങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും തണുപ്പിന്‍റെ തീവ്രതയെ ബാധിക്കാറുണ്ട്.സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന മുറികളില്‍ മറ്റ് മുറിളേക്കാള്‍ തണുപ്പ് കുറവായി അനുഭവപ്പെട്ടേക്കാം.

ഒട്ടുമിക്ക ഓഫീസുകളിലും 18 മുതല്‍ 21 ഡിഗ്രി സെല്‍സ്യസിലായിരിക്കും സ്ഥിരമായി താപനില ക്രമീകരിച്ചിരിക്കുക. ഇതും ആവശ്യത്തിലധികം തണുപ്പ് നല്‍കുന്നു.

ഇനി ഓരോ വ്യക്തികള്‍ക്കും തണുപ്പ് എന്ത് കൊണ്ടാണ് വ്യത്യസ്തമായി അനുഭവപ്പെടുന്നത് എന്ന് നോക്കാം.

ഓരോരുത്തരുടെയും ശരീരപ്രകൃതി, ധരിക്കുന്ന വസ്ത്രം, ആക്ടിവിറ്റി ലെവല്‍, പ്രായം, എന്തിന് അതത് സമയത്തെ മാനസികാവസ്ഥ ഇവയെല്ലാം അനുഭവപ്പെടുന്ന തണുപ്പിന്‍റെ തീവ്രതയെ ബാധിക്കുന്ന ഘടകങ്ങളാണ് എന്ന് ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ അഖിലേഷ് അറോറ പറയുന്നു.

ഉദാഹരണമായി ഒരേ ഓഫീസില്‍ പല സ്വഭാവമുള്ള ജോലികള്‍ ഉണ്ടാകുമല്ലോ.ഡെസ്കില്‍ തന്നെ മണിക്കൂറുകളോളം നിശബ്ദമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും എണീറ്റ് നടന്ന് സ്ട്രെസ് ഫുളായി ജോലി ചെയ്യേണ്ടി വരുന്നവരേക്കാള്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ഓരോ വ്യക്തിയുടെയും കംഫര്‍ട്ട്‌ലെവല്‍ തികച്ചും വ്യത്യസ്തമാണ്. എല്ലാവര്‍ക്കും ഒരുപോലെ സുഖകരമായി തോന്നുന്ന ഒരു താപനില ഇല്ലെന്നും അദ്ദേഹം പറയുന്നു.എന്നിരിക്കിലും 24 –25 സെല്‍സ്യസില്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഒരു പരിധിവരെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഓഫീസിലെ ആളുകളുടെ എണ്ണത്തെയും പുറത്തെ കാലാവസ്ഥയയുമെല്ലാം പരിഗണിക്കുന്ന അഡാപ്റ്റീവ് എയര്‍ കണ്ടീഷനിങ് സിസ്റ്റം ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പുതിയ ടെക്നോളജികളായ വാരിയബിള്‍ എയര്‍ വോളിയം (VAV) സിസ്റ്റവും സെന്‍സറുകളുമെല്ലാം അവര്‍ റെക്കമന്‍ഡ് ചെയ്യുന്നു.

ENGLISH SUMMARY:

Have you noticed how office AC temperatures feel different to different people? While some bundle up in sweaters and scarves, others wonder why the AC isn’t cool enough. This variation in comfort levels is due to factors like metabolism, body composition, clothing, and personal sensitivity to temperature. Let's explore why AC affects people differently.