രണ്ടോ മൂന്നോ വര്‍ഷത്തിനിടെ നമ്മള്‍ കാര്യമായി കേട്ടു തുടങ്ങിയ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞ വര്‍ഷം രോഗം എട്ടു പേരുടെ ജീവനെടുത്തു. 38 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. രോഗബാധിതരായവരില്‍ ഏറെയും കുട്ടികളായിരുന്നു. ഈവര്‍ഷവും അമീബ പരത്തുന്ന മസ്തിഷ്ക ജ്വരം 5 ജീവനെടുത്തു. 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം പുറത്തുവന്നത്.
കെട്ടിക്കിടക്കുന്ന കുളങ്ങളിലോ ജലാശയങ്ങളിലോ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത സ്തരത്തിലൂടെ ഉളളില്‍ക്കടക്കുകയും തലച്ചോറിനെ ഗുരുതമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരത്തിന് കാരണമാവുകയും ചെയ്യുന്നു. ഡബ്ല്യുഎച്ച്ഒയുടെ 2016വരെയുളള കണക്കുകള്‍ പ്രകാരം ലോകത്താകെ 381 പേര്‍ക്ക് മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുളളു. കേരളത്തില്‍ 2016 മുതല്‍ എല്ലാവര്‍ഷവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭൂരിഭാഗം കേസുകളിലു രോഗത്തിന്‍റെ ഉറവിടം കെട്ടിക്കിടക്കുന്ന വെളളമാണ്. ചില കേസുകളില്‍ ഉറവിടം വ്യക്തവുമല്ല. രോഗം ബാധിച്ചുള്ള മരണ നിരക്ക് 97ശതമാനമാണ് . അതുതന്നെയാണ് ഭയപ്പെടുത്തുന്നതും.
കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സ്വിമ്മിങ് പൂളുകളില്‍ കുളിച്ചവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയേ സ്വിമ്മിങ് പൂളില്‍ പോലും ഇറങ്ങാവൂവെന്നാണ് നിര്‍ദേശം. കെട്ടിക്കിടക്കുന്ന വെളളവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് കടുത്ത പനിയോ തലവേദനയോ കഴുത്ത് തിരിക്കാനുളള ബുദ്ധിമുട്ടോ പോലുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണം.
ജാഗ്രതാ നിര്‍ദേശങ്ങള്‍
സുരക്ഷിതമല്ലാത്ത വെളളത്തില്‍ കുളിക്കരുത്, മുഖം കഴുകരുത്
മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണം
മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ പ്രത്യേകം ശ്രദ്ധിക്കണം
ചെവിയില്‍ അണുബാധയുളളവര്‍ മുങ്ങിക്കുളിക്കരുത്