വേനല്‍കാലത്ത് ശരീര സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ശരീരത്തിന്‍റെ ബലം കുറയുന്ന കാലമായാണ് വേനല്‍കാലത്തെ ആയുര്‍വേദം കണക്കാക്കുന്നത്. വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യത്തെ സംരക്ഷിക്കാമെന്ന് നോക്കാം.
മുഖത്തുണ്ടാകുന്ന കരിവാളിപ്പാണ് വേനല്‍ക്കാലത്ത് നാമെല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. വെയിലത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുകയാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട് മുഖത്തേല്‍ക്കുന്നത് ഒഴിവാക്കണം.അതിനായി തൊപ്പി,കുട മുതലായവ ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്.മുഖത്തെ കരിവാളിപ്പ് മാറ്റാന്‍ നാൽപാമരാദി എണ്ണ, ഏലാദി എണ്ണ, കുങ്കുമാദി തൈലം എന്നിവയിൽ ഏതെങ്കിലും മുഖത്തു തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകിക്കളയാവുന്നതാണ്.രക്തചന്ദനം വെണ്ണയിൽ ചാലിച്ചു പുരട്ടുന്നതും മുഖകാന്തി വർധിപ്പിക്കുന്നതിന് സഹായകരമാണ്.
ചര്‍മസംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നത് മുഖത്തെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.പഞ്ചഗന്ധചൂർണം, ഏലാദി ചൂർണം എന്നിവ വെണ്ണയിലോ ചൂടുവെള്ളത്തിലോ ചാലിച്ചു പുരട്ടുന്നതും ഗുണം ചെയ്യും.
വേനല്‍കാലത്ത് വലിയ ചന്ദനാദി, തുംഗദ്രുമാദി, ഹിമസാഗര എന്നീ തൈലങ്ങൾ തലയിൽ തേച്ചു കുളിക്കുന്നത് വളരെ നല്ലതാണ്. ഇവ തല ചൂടാവുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.വലിയ തണുപ്പു പറ്റാത്തവരാണെങ്കിൽ പകരമായി ത്രിഫലാദി തൈലം ഉപയോഗിക്കാവുന്നതാണ്.
വേനല്‍കാലത്ത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതിനായി ദിവസവും കുറഞ്ഞത് നാലു തവണയെങ്കിലും മുഖം തണുത്ത വെള്ളത്തില്‍ കഴുകണം.തണുത്ത വെള്ളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ ഈഷ്മാവിലുള്ള വെള്ളമാണ്. ഐസിട്ട വെള്ളമല്ല. കണ്ണിനു തണുപ്പു കിട്ടാനും പുകച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ മാറാനും നേത്രാമൃതം രണ്ടു തുള്ളി വീതം ഇരുകണ്ണുകളിലും ഒഴിക്കുന്നതു നല്ലതാണ്
അമിതമായ വിയര്‍പ്പും അനുബന്ധമായുണ്ടാകുന്ന ചൂട് കുരുവുമാണ് വേനല്‍കാലത്ത് അനുഭവിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. വേപ്പില, രാമച്ചം എന്നിവയിൽ ഏതെങ്കിലുമിട്ടു വെള്ളം തിളപ്പിച്ച് തണുത്താറിയ ശേഷം ഇതുപയോഗിച്ചു കുളിക്കുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ സഹായകമാണ്.
കൃത്യമായ ചിട്ടകള്‍ ശീലിക്കുകയും അല്‍പം ശ്രദ്ധ നല്‍കുകയും ചെയ്താല്‍ വേവല്‍കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സുഗമമായി മറികടക്കാനാകും.