അമേരിക്കയ്ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമയമായി എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുദ്ധത്തില്‍ ഇറാന്റെ വിജയം ലോകം അംഗികരിച്ചെന്നും ഇപ്പോള്‍ അമേരിക്കയേക്കാള്‍ ശക്തി ഇറാനാണെന്നും പെസെഷ്കിയാൻ പറഞ്ഞു.
ഇറാൻ ശക്തിയും അന്തസ്സും നിലനിർത്തിക്കൊണ്ടുതന്നെ ഈ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്ക നിയമങ്ങളെല്ലാം ലംഘിച്ച് ഇറാനിലെ ആശുപത്രികളും സ്കൂളുകളും ആക്രമിച്ചതിനാല്‍ത്തന്നെ അവരെ ജനങ്ങള്‍ വെറുത്തു എന്നും പെസെഷ്കിയാൻ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ജൂണിൽ യുഎസുമായി ഒപ്പുവച്ച ധാരണാപത്രത്തെ പെസെഷ്കിയാൻ ന്യായീകരിച്ചു. തങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയതല്ലെന്നും, മറിച്ച് നടത്തിയ ചർച്ചകളിലൂടെ വലിയൊരു നേട്ടമാണ് കൈവരിച്ചതെന്നും പറഞ്ഞ അദ്ദേഹം ഈ കരാറിൽ അടിയറവ് പറയുന്നതായി ഒരു വരി പോലും കണ്ടെത്താൻ കഴിയില്ലെന്നും എല്ലാ ബാധ്യതകളും യുഎസിനാണെന്നും വ്യക്തമാക്കി.
എന്നാല്‍ ഇനിയും തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചു നൽകാൻ മടിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള ഭീഷണിക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കില്ല. അവസാന ശ്വാസം വരെ പൊരുതും, അതിശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.