ഇന്ത്യന്‍ വംശജന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സൊമാലി അമേരിക്കന്‍ ഊബര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഈ മാസം ആദ്യമാണ് കേസിനാസ്പദമയ സംഭവം. നവംബര്‍ 14ന് മിനസോട്ടയില്‍ വച്ചാണ് പ്രതിയായ 25കാരന്‍ സമിത് അപൂര്‍വ പട്ടേല്‍ മുഹമ്മദ് യൂസഫിനെ ആക്രമിച്ചത്. മുഹമ്മദിന്‍റെ ഊബറിലെ യാത്രക്കാരനായിരുന്നു സമിത്. മുഹമ്മദിനെ സീറ്റ് ബെല്‍റ്റ് കെണ്ട് കഴുത്തുഞെരിക്കുകയും അതേ കാറിടിപ്പിച്ച് റോഡരികിലെ കുഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതിനെത്തുടർന്ന് മിനസോട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് യൂസഫ്. ഗുരുതരമായി പരുക്കേറ്റ 51കാരനായ മുഹമ്മദ് ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. 

ഊബറിലെ യാത്രാമധ്യേ മുഹമ്മദ് തന്‍റെ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത് കേട്ട സമിത് മുഹമ്മദിനോട് പേരെന്താണെന്ന് അന്വേഷിച്ചു. മുഹമ്മദ് യൂസഫ് എന്ന് മറുപടി നല്‍കിയപ്പോള്‍ തനിക്ക് ആ പേര് ഇഷ്ടമല്ലെന്ന് പറയുകയും തുടർന്ന് പ്രകോപിതനായ സമിത് വാഹനം തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്നെ ബെൽറ്റ് കൊണ്ട് കഴുത്തുഞെരിക്കുകയാണെന്ന് അദ്ദേഹം സൊമാലി ഭാഷയിൽ നിലവിളിക്കുന്നത് സഹോദരൻ ഫോണിലൂടെ കേട്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം പ്രതി തന്റെ ദേഹത്തുകൂടി കാർ ഓടിച്ചുകയറ്റുകയാണെന്ന് മുഹമ്മദ് നിലവിളിക്കുകയും തുടർന്ന് ഫോൺ കോള്‍ കട്ടാകുകയും ചെയ്തുവെന്നും മുഹമ്മദ് യൂസഫിന്‍റെ സഹോദരൻ പൊലീസിനോട് പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെ മകൻ മദ്യലഹരിയിലാണെന്നും വീടിന് പുറത്ത് അറിയാത്തൊരു വണ്ടി കിടപ്പുണ്ടെന്നും കാട്ടി സമിത്തിന്‍റെ മാതാപിതാക്കൾ പൊലീസിനെ വിളിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാഹനം യൂസഫിന്റേതാണെന്ന് തിരിച്ചറിഞ്ഞു. യൂസഫിന്റെ സ്മാർട്ട് വാച്ചിൽ നിന്നുള്ള വിവരങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ റോഡിൽ നിന്ന് ഏകദേശം 15 അടി മാറി കുഴിയിൽ കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

മുഹമ്മദിന്‍റെ വാരിയെല്ലുകൾ പൊട്ടുകയും കാലൊടിയുകയും ചെയ്തിരുന്നു. നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കോമയിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയകൾക്ക് വിധേയനായി രണ്ടാഴ്ചയോളം ജീവനുവേണ്ടി പോരാടിയ ശേഷമാണ് മരണപ്പെട്ടത്. 

അതേസമയം മനപൂര്‍വ്വമായ നരഹത്യക്കുറ്റം ചുമത്തി സമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിശദമായ അന്വേഷിക്കണം വേണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

A 51-year-old Somali-American Uber driver, Mohammed Yusuf, died on Saturday morning after fighting for his life for two weeks in a Minnesota hospital following a brutal November 14 attack by 25-year-old Indian-origin passenger Samit Apurva Patel. According to Yusuf's brother, who was on a phone call with him during the ride, Patel asked for the driver's name, stated he disliked the name Mohammed, ordered him to turn the car around, strangled him with a seatbelt, and ran him over with his own vehicle before dumping him in a roadside ditch. Police tracked Yusuf—who suffered broken ribs, a fractured leg, and severe spinal and lung injuries—using data from his smartwatch after Patel's parents called authorities about their intoxicated son and an unfamiliar car outside their home. Patel has been arrested and charged with manslaughter, while organizations including the Council on American-Islamic Relations (CAIR) have demanded a thorough investigation.