അടുത്തിടെയാണ് തങ്ങളുടെ പക്കലുള്ള തിരിച്ചറിയാനാകാത്ത പറക്കുന്ന അജ്‍ഞാത വസ്തുക്കളുടെ (UFO) വിഡിയോ യുഎസ് പുറത്തുവിടാന്‍ തുടങ്ങിയത്. ഈ കൂട്ടത്തിലേക്ക് ഏറ്റവും പുതിയ വിഡിയോകളും കൂടി ഉള്‍പ്പെടുത്തി നാല് വിഡിയോകള്‍ കൂടി പ്രസിദ്ധീകരിച്ചിരിക്കുകയാണ് പെന്‍റഗണ്‍. നവംബര്‍ 20ന് പുറത്തുവിട്ട 43 ഫയലുകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഉള്‍പ്പെടുന്നത്. 2020, 2023, 2026 എന്നീ വര്‍ഷങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ.

ദൃശ്യങ്ങളില്‍ പറന്നുനടക്കുന്ന വസ്തു വ്യക്തമാണ്. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ.

2020ല്‍ പകര്‍ത്തിയ ദൃശ്യത്തില്‍ സ്ക്രീനിലേക്ക് വലതുവശത്ത് നിന്ന് ചെറിയ പൊട്ടുപോലുള്ള വസ്തു പ്രകാശിക്കുന്നതും ഇതിനെ ക്യാമറ ഫ്രെയിമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ നിര്‍വചിക്കാനാകാത്ത വിധം ഇത് അപ്രത്യക്ഷമാകുന്നതോടെ വിഡിയോ അവസാനിക്കുന്നു.

2023ലെ വിഡിയോ പകര്‍ത്തിയിരിക്കുന്നത് നാവികസേനാ കപ്പലിലെ ക്യാമറയിലാണ്. ഇതില്‍ ഒരു വെളുത്ത പൊട്ട് ആകാശത്തിലൂടെ കറങ്ങി പറക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. 2026ല്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രകാശം തെളിയിച്ച് പോകുന്ന വസ്തുവിനെയും കാണാം. ഇത് അന്യഗ്രഹജീവികളുടെ വാഹനമാണെന്ന് ഇതിനോടകം ഇന്‍റര്‍നെറ്റില്‍ ആളുകള്‍ അവകാശപ്പെടുന്നുണ്ട്.

മൂന്ന് ദൃശ്യങ്ങളും പെന്‍റഗണിന്‍റെ All-domain Anomaly Resolution Office (AARO) പരിശോധിച്ച ശേഷം "പരിഹരിക്കപ്പെടാത്തവ" (Unresolved) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, ഇവ എന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നര്‍ഥം. അതേസമയം, ഇവ അന്യഗ്രഹ പേടകങ്ങളാണെന്നതിന് (alien craft) യാതൊരു തെളിവും ഈ രേഖകളിലില്ലെന്നും പെന്റഗൺ വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY:

The Pentagon has released new UFO videos captured between 2020 and 2026, which remain officially classified as unresolved by the AARO. These infrared and naval camera recordings have sparked widespread internet speculation about alien spacecraft, although no concrete extraterrestrial evidence has been confirmed.