U.S. President Donald Trump walks with North Korea leader Kim Jong Un after lunch at the Capella resort on Sentosa Island Tuesday, June 12, 2018 in Singapore. (AP Photo/Evan Vucci)
കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിമ്മിന്റെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്ക- ഉത്തരകൊറിയ ബന്ധം പുനസ്ഥാപിക്കാനുള്ള ട്രംപിന്റെ നയതന്ത്ര നീക്കങ്ങളെയോ ചര്‍ച്ചയ്ക്കായുള്ള ശ്രമങ്ങളെയോ കിം ജോങ് ഉൻ ഗൗനിച്ചിരുന്നില്ലെന്നും അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് കാത്തുനില്‍ക്കാതെ തങ്ങളുടെ ആണവായുധ ശേഖരവും മിസൈൽ ശേഷിയും കിം നിരന്തരം വികസിപ്പിക്കുകയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2025ല്‍ ഔദ്യോഗികമായി കിമ്മുമായി ബന്ധപ്പെടാൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ട്രംപ് കിമ്മിന് നേരിട്ട് കത്തെഴുതുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. ഈ കത്ത് ന്യൂയോർക്കിലെ മാൻഹട്ടനില്‍ വച്ച് ഐക്യരാഷ്ട്ര സഭയുടെ ഉത്തരകൊറിയൻ നയതന്ത്രജ്ഞന് കൈമാറാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഏർപ്പാട് ചെയ്തു. എന്നാല്‍ യുഎൻ യോഗത്തിൽ യുഎസ് പ്രതിനിധിയുടെ മുന്നിൽ വച്ച് കത്ത് തുറക്കാതെ അദ്ദേഹം വലിച്ചെറിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ട്രംപ്– കിം നയതന്ത്ര ചര്‍ച്ചയ്ത്ത് മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളൊന്നും തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിനോട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇരു നേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ട്രംപിന്റെ ഏഷ്യൻ പര്യടനത്തിനിടയിലും കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, കിം മുന്നോട്ടുവെച്ച ഉപാധികൾ അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നില്ല. നിലവില്‍ ആണവനിരായുധീകരണത്തിനോ ട്രംപുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനോ കിമ്മിന് താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവായുധ പദ്ധതികള്‍ ഉപേക്ഷിക്കാൻ കിമ്മിന് യാതൊരു ഉദ്ദേശവുമില്ലെന്ന് 2025-ലെ യു.എസ് വാര്‍ഷിക ഇന്റലിജൻസ് റിപ്പോര്‍ട്ടിലുമുണ്ട്.
തങ്ങളുടെ ആണവ പദവി അംഗീകരിക്കപ്പെടണമെന്ന നിലപാടിൽ കിം ഉറച്ചുനിൽക്കുകയാണ്. അങ്ങിനെയെങ്കില്‍ മാത്രമേ യുഎസിന് ഉത്തരകൊറിയയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാൻ കഴിയൂ എന്ന് കിം കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. അല്ലാത്തപക്ഷം ഇരു രാജ്യങ്ങളും തമ്മിൽ 'ഏറ്റുമുട്ടൽ' തുടരേണ്ടിവരുമെന്നും കിം അന്ന് പറയുകയുണ്ടായി.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 60 ആണവ ആയുധങ്ങള്‍ നിലവില്‍ ഉത്തരകൊറിയയുടെ കയ്യിലുണ്ട്. 2019-ൽ ഇത് 30 ആയിരുന്നു. കൂടാതെ കുറഞ്ഞത് 30 പോർമുനകൾ കൂടി നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കളും രാജ്യത്തിന്റെ പക്കലുണ്ടെന്നും ഉൽപ്പാദനം വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ പുതിയ മിസൈൽ സംവിധാനങ്ങൾ ഉത്തരകൊറിയ പുറത്തിറക്കുകയും പരീക്ഷിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. നിയമവിരുദ്ധ സൈബർ പ്രവർത്തനങ്ങൾ വഴി ഉത്തരകൊറിയയുടെ വിദേശനാണയ വരുമാനം ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.