Image Credit /X/ @indiatoday
യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജനായ യുവാവിനെ യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) കസ്റ്റഡിയിലെടുത്തു. ആപ്പിളിന്റെ എയര്‍ഡ്രോപ് സംവിധാനമുപയോഗിച്ച് ഇയാള്‍ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് മാറ്റുകയായിരുന്നു. ടെക്സസില്‍ താമസിക്കുന്ന രഘുല്‍ അനന്ദകൃഷ്ണനാണ് പിടിയിലായത്.
കേസില്‍ ശിക്ഷിക്കപ്പെട്ട രഘുല്‍, കൗണ്ടി ജയിലിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇമിഗ്രേഷന്റെ കസ്റ്റഡിയിലാവുന്നത്. ഇമിഗ്രേഷന്‍ കോടതി നടപടികള്‍ പൂര്‍ത്തിയാകുംവരെ ഇയാള്‍ കസ്റ്റഡിയില്‍ തുടരും. കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓസ്റ്റിനിലെ വയര്‍ലെസ് സ്റ്റോറില്‍ ജീവനക്കാരനായിരുന്നു രഘുല്‍. ഫോണുമായി ബന്ധപ്പെട്ട സേവനത്തിനായി യുവതി സ്റ്റോറിലെത്തിയപ്പോഴാണ് ഇയാള്‍ സ്വകാര്യ ചിത്രങ്ങള്‍ സ്വന്തം മൊബൈലിലേക്ക് പകര്‍ത്തിയത്.
എയര്‍ഡ്രോപ് ഉപയോഗിച്ച് രണ്ട് ചിത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചു മാറ്റിയത്. കൂടാതെ യുവതിയുെട സ്നാപ് ചാറ്റ് അക്കൗണ്ടിലും ഇയാള്‍ പ്രവേശിച്ചതായി പരാതിയിലുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഓസ്റ്റിന്‍ പൊലീസ് രഘുലിനെ അറസ്റ്റ് ചെയ്തു. ജൂണ്‍ ഏഴിന് ട്രാവിസ് കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ച ഇയാൾക്കെതിരെ അനധികൃതമായി സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനും കമ്പ്യൂട്ടർ സുരക്ഷാ ലംഘനത്തിനും കേസെടുത്തു. 10,000 ഡോളറായിരുന്നു ജാമ്യത്തുക. യുവതിയുമായി ബന്ധപ്പെടരുതെന്ന നിർദേശവും കോടതി പുറപ്പെടുവിച്ചിരുന്നു. കേസില്‍ പിന്നീട് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി കൗണ്ടി ജയിലിലടയ്ക്കുകയായിരുന്നു.