zohran-mamdani-achilles-tendon-injury-football-match
  • യുഗാണ്ടയില്‍ ജനിച്ച് വളര്‍ന്ന മംദാനി കടുത്ത ആഴ്സനല്‍ ആരാധകന്‍ കൂടിയാണ്. കുട്ടിയായിരിക്കുമ്പോള്‍ അങ്കിളാണ് തന്നെ ഫുട്ബോള്‍ പഠിപ്പിച്ചതെന്നും ആഴ്സനല്‍ ആരാധകനാക്കിയതെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ഒരിക്കല്‍ മംദാനി വെളിപ്പെടുത്തിയത്

മാധ്യമപ്രവര്‍ത്തകരുമായുള്ള ഫുട്ബോള്‍ മല്‍സരത്തിനിടെ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിക്ക് പരുക്ക്. കണങ്കാലിന് പിന്നില്‍ കാല്‍വണ്ണയിലെ പേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന അക്കില്ലസ് ടെന്‍ഡനാണ് പരുക്കേറ്റത്. കുറച്ച് നാള്‍ സമയമെടുത്തേ പരുക്ക് ഭേദമാകുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്രച്ചസിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്തുപറ്റി കാലിന് എന്ന് ചോദിച്ചപ്പോഴാണ് ഫുട്ബോള്‍ മല്‍സരത്തിനിറങ്ങുന്നതിന് മുന്‍പ് താന്‍ വാം അപ് ചെയ്തിരുന്നില്ലെന്നും അതൊഴിവാക്കിയതാണ് പ്രശ്നമായതെന്നും കളിക്കിടെ പരുക്കേറ്റുവെന്നും മംദാനി വിശദീകരിച്ചു. '35കാരനായി എന്നത് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഞാന്‍ മറന്നുപോയി'  എന്നും മംദാനി തമാശരൂപേണെ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ തന്‍റെ ടീം തോല്‍പ്പിച്ചുവെന്നും മംദാനി വെളിപ്പെടുത്തി. 'സൗഹൃദ മല്‍സരത്തില്‍ ഇന്നലെ രാത്രി 10–5നാണ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ തോല്‍പ്പിച്ചത്. ഒരു ഗോളടിച്ചതിന് പിന്നാലെ കാലിന് പരുക്കുമായി'- മംദാനി പറഞ്ഞു. യുഗാണ്ടയില്‍ ജനിച്ച് വളര്‍ന്ന മംദാനി കടുത്ത ആഴ്സനല്‍ ആരാധകന്‍ കൂടിയാണ്. കുട്ടിയായിരിക്കുമ്പോള്‍ അങ്കിളാണ് തന്നെ ഫുട്ബോള്‍ പഠിപ്പിച്ചതെന്നും ആഴ്സനല്‍ ആരാധകനാക്കിയതെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ഒരിക്കല്‍ മംദാനി വെളിപ്പെടുത്തിയത്. 'ഒന്‍പത് വയസുള്ളപ്പോഴാണ് അങ്കിളെനിക്ക് ടോണി ആഡംസിന്‍റെ ജഴ്സി സമ്മാനിച്ചത്. എന്താണ് ആഴ്സനല്‍ എന്നറിയാന്‍ പ്രായമാകും മുന്‍പേ എനിക്ക് ക്ലബ് അങ്ങനെ പരിചിതമായി'- മംദാനി എഴുതി. ഈദ് അല്‍ ആദാ പ്രാര്‍ഥനയ്ക്കായി ആഴ്സനല്‍ തീമിലുള്ള വസ്ത്രമണിഞ്ഞ് മംദാനി എത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു.

കാലിനേറ്റ പരുക്ക് ഭേദമാകാന്‍ ആറു മുതല്‍ എട്ടാഴ്ച വരെ സമയം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിന് ശേഷമേ കളിക്കാനിറങ്ങാനും കഴിയുകയുള്ളൂ.  ഫുട്ബോള്‍ കളിക്കുമ്പോള്‍ അക്കില്ലസ് ടെന്‍ഡന് പരുക്കേല്‍ക്കുന്നത് സ്വാഭാവിമാണെന്നും ഫിസിയോ തെറപ്പിയാണ് ചെയ്ത് പോരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ENGLISH SUMMARY:

New York City Mayor Zohran Mamdani suffered an Achilles tendon injury while playing a friendly football match against a team of journalists. He arrived at a press conference on crutches and explained that he had failed to warm up before the game, joking that he had forgotten he was already 35 when he stepped onto the pitch. Mamdani revealed that his team defeated the journalists 10–5, although he injured his leg shortly after scoring a goal. Doctors say recovery could take six to eight weeks, while he may have to wait up to nine months before returning to football.