പ്രതീകാത്മക ചിത്രം
പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കേസില്‍ കുടുങ്ങി യുഎസ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ്. ഇന്ത്യന്‍ തെരുവുകളിലെ കുട്ടികളെ സംരക്ഷിക്കാനെന്ന പേരില്‍ യുഎസ് കാന്‍സസില്‍ നടത്തിവന്നിരുന്ന എന്‍ജിഒയുടെ പ്രസിഡന്‍റായ അബ്രഹാം ജയ്പോള്‍ പാപബാധിനി എന്ന 53കാരനാണ് യുഎസ് ഫെഡറല്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ പിടിയിലായത്. ഡിപാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ വാര്‍ത്താക്കുറിപ്പിലൂടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.
റെസ്ക്യൂവിങ് ലൈവ്സ് (Rescuing Lives) എന്ന ടാക്സ് ഫ്രീ എന്ന എന്‍ജിഒയുടെ പ്രസിഡന്‍റാണ് അബ്രഹാം. ഇന്ത്യന്‍ തെരുവുകളില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കി നല്‍കുക എന്നതായിരുന്നു എന്‍ജിഒ തങ്ങളുടെ ലക്ഷ്യമായി പറഞ്ഞുവന്നിരുന്നത്. ഇതിനായി വിശാഖപട്ടണത്തിലും തമിഴ്നാട് ചില്ലിക്കല്ലിലുമായി സംഘടനയ്ക്ക് രണ്ട് കേന്ദ്രങ്ങളുണ്ടായിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം അബ്രഹാം 2022–24 കാലഘട്ടത്തില്‍ പലതവണയായി ഇന്ത്യയില്‍ വന്നിരുന്നെന്നും 14 മുതല്‍ 17 വരെ പ്രായമുള്ള ആളുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ അന്വേഷണവും പിന്നാലെ അറസ്റ്റും നടന്നത്. യുഎസ് ഫെഡറല്‍ നിയമപ്രകാരമാണ് നടപടി. കേസില്‍ ഇന്ത്യയുമായി യുഎസ് ബന്ധപ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.