Photo by SAUL LOEB / AFP

Photo by SAUL LOEB / AFP

അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയായ എൻ.എസ്.എ (National Security Agency) ആഭ്യന്തര ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന രഹസ്യ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് തകരാറിലായതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള നെറ്റ്‌വർക്കിൽ സാങ്കേതിക തടസ്സം നേരിട്ടത്. തകരാറിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമോ ബാഹ്യ ഇടപെടലുകളോ ഉള്ളതായി സൂചനകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സി.എൻ.എൻ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

മുൻകൂട്ടി നിശ്ചയിച്ചിരുന്ന പതിവ് മെയിന്‍റനന്‍സിനിടെയാണ് നെറ്റ്‌വർക്കിന്റെ പ്രവർത്തനത്തിൽ തടസം നേരിട്ടത്. കഴിഞ്ഞ മാസം കണ്ടെത്തിയ ഗുരുതര സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനായി 'സോഫ്റ്റ്‌വെയർ പാച്ച്' ഇൻസ്റ്റാൾ ചെയ്തതാണ് തകരാറിന് കാരണമായതെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലെയ്റ്റൺ വ്യക്തമാക്കി. തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദഗ്ധർ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ചില ആഭ്യന്തര സംവിധാനങ്ങളെ തകരാര്‍ ബാധിച്ചിട്ടുണ്ടെങ്കിലും, അതീവ പ്രധാന്യമുള്ള സംവിധാനങ്ങള്‍ എല്ലാം തന്നെ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് എന്‍എസ്എ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന ബദൽ സംവിധാനങ്ങളോടെയാണ് എൻ.എസ്.എയുടെ അടിസ്ഥാന സംവിധാനങ്ങള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഏഷ്യൻ പര്യടനത്തിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ എയർഫോഴ്‌സ് വൺ വിമാനത്തിലേക്ക് അടിയന്തര വിവരങ്ങൾ കൈമാറുന്നതിനെ ഈ തകരാർ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഫിലിപ്പീൻസിലുള്ള ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചർച്ചകൾ നടത്തുന്നതിനായി നാളെ ചൈനയിലേക്ക് തിരിക്കും. പ്രസിഡന്റുമായി സുരക്ഷിതമായി ആശയവിനിമയം നടത്താൻ സർക്കാരിന് നിരവധി ബദൽ ശൃംഖലകൾ ഉണ്ടെന്നും അധികൃതർ അറിയിച്ചു.

തുടർച്ചയായ സാങ്കേതിക തകരാറുകൾ

അമേരിക്കയിലെ തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ ആഗോളതലത്തില്‍ തന്നെ വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്. വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാര്‍ കാരണം രാജ്യവ്യാപകമായി വിമാന സർവീസുകൾ മണിക്കൂറുകളോളം അമേരിക്ക നിർത്തിവച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റ് സേവനങ്ങളിലും തടസങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച അമേരിക്കയിലെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളിലും തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ഇവയൊന്നും സൈബർ ആക്രമണങ്ങളല്ലെന്നും സാങ്കേതിക തകരാറുകൾ മാത്രമാണെന്നുമാണ് അമേരിക്ക ആവര്‍ത്തിക്കുന്നത്.

ENGLISH SUMMARY:

The US National Security Agency's (NSA) classified internal communication network suffered a technical outage on Tuesday during scheduled routine maintenance. Director of National Intelligence Jay Clayton clarified that the disruption was triggered by a software patch intended to fix critical security vulnerabilities rather than a cyberattack or external interference.