zohran-mamdani

അമേരിക്കയിലെ ഇന്ത്യൻ- അമേരിക്കൻ സമൂഹം സമീപ കാലങ്ങളിൽ നേരിടുന്ന വംശീയ അതിക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും ശക്തമായി അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. വിഭാഗീയ രാഷ്ട്രീയം ഇല്ലാതാക്കാനും വിവേചനത്തിനെതിരെ ഒരുമിച്ച് നിൽക്കാനും സമൂഹങ്ങളോട് ആഹ്വാനം ചെയ്തു. ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മംദാനി.

യുഎസിൽ കഴിഞ്ഞ ഒരു വർഷമായി ഹിന്ദു ക്ഷേത്രങ്ങളെയും സിഖുകാരെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മംദാനി ആരോപിച്ചു. ഒരുകാലത്ത് സമൂഹത്തിന്റെ അരികുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിദ്വേഷം ഇന്ന് രാഷ്ട്രീയത്തിൽ കൂടുതൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിലായാലും ഡൽഹിയിലായാലും ഭയം ജനിപ്പിക്കുന്ന, ഈ ലോകത്തിലേക്ക് ഇരുട്ട് കൊണ്ടുവരുന്ന ഏതൊരു രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യാൻ നമുക്ക് പൊതുവായ ബാധ്യതയുണ്ടെന്നും മേയർ ഓർമ്മിപ്പിച്ചു.

അമ്മ പഞ്ചാബി ഹിന്ദുവും അച്ഛൻ ഗുജറാത്തി ഉഗാണ്ടൻ മുസ്ലീമുമായ മംദാനി, വൈവിധ്യമാർന്ന സാംസ്കാരികവും മതപരവുമായ പൈതൃകവുമായി വളർന്നതിനെക്കുറിച്ചും സംസാരിച്ചു, ഹിന്ദുമതത്തിന്റെ സൗന്ദര്യത്തെയും ജ്ഞാനത്തെയും വിലമതിക്കാൻ തന്റെ കുടുംബം തന്നെ പഠിപ്പിച്ചുവെന്ന് പറഞ്ഞു. 

സത്യത്തിലേക്ക് ഒന്നിലധികം വഴികളുണ്ടെന്നും ക്ഷേത്രത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ ആരാധിച്ചാലും ഒരു മതം പിന്തുടരാത്തവരായാലും എല്ലാവരിലും ഒരേ വെളിച്ചം വസിക്കുന്നുവെന്ന ആശയത്തെക്കുറിച്ചും മാംദാനി പരാമർശിച്ചു. 'നാം ആകാൻ ആഗ്രഹിക്കുന്ന സഹോദരനെയും, ഭാര്യയെയും, ഭർത്താവിനെയും, സുഹൃത്തിനെയും രാമായണം നമുക്ക് കാണിച്ചുതരുന്നു. കുടുംബങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുള്ളതാണെന്ന് മഹാഭാരതം നമുക്ക് കാണിച്ചുതരുന്നു, അവിടെ ഏറ്റവും ധീരരായ വീരന്മാരും ജ്ഞാനികളായ ദേവന്മാരും പോലും ഇടറിവീഴുന്നു, ഇവിടെയാണ് ഒരാളുടെ വിശ്വസ്തതയ്ക്ക് മുമ്പ് ഒരാളുടെ ധർമ്മം വരേണ്ടത്'- അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയിലും കാരുണ്യത്തിലും വേരൂന്നിയ ഒരു രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന് ഇനിയും ആവശ്യമായ പ്രവർത്തനങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വർഷത്തെ ദീപാവലി എന്ന് അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ തന്നെ ബഹുമതിയാണെന്ന് വിശേഷിപ്പിച്ച മംദാനി, ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയറാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.

 

ENGLISH SUMMARY:

Hindu American community faces rising hate crimes and discrimination, according to New York City Mayor Zohran Mamdani during recent Diwali celebrations. The mayor emphasized the need to unite against divisive politics and protect minority religious groups across the United States.