Image Credit: Facebook/ Geethu louis, Robert Abela
മാൾട്ട പാർലമെന്റിലെ ബജറ്റ് പ്രസംഗത്തിൽ താരമായി മലയാളി നഴ്സ്. മാൾട്ടയിലെ ആരോഗ്യരംഗത്ത് ആത്മാർഥതയുടെ പ്രതീകമായി മാറിയ മലയാളി നഴ്സിനെ പാർലമെന്റിൽ പേരെടുത്ത് അഭിനന്ദിച്ചത് പ്രധാനമന്ത്രി റോബർട്ട് അബേലയാണ്. തൃശൂർ ചാലക്കുടി സ്വദേശി ഗീതുവാണ് മാൾട്ട പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനത്തിന് അർഹയായത്.
‘എന്റെ പപ്പയ്ക്കും മമ്മിക്കും അസുഖം വന്നപ്പോഴും എന്റെ മകൾക്കു പരിചരണം വേണ്ടിവന്നപ്പോഴും ഒരു വിദേശ നഴ്സ് ആണു തുണയായത്. അവരുടെ പേര് ഗീതു. താങ്ക് യൂ ഗീതു, നിങ്ങളുടെ സേവനങ്ങൾക്കു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു’- എന്നായിരുന്നു റോബർട്ട് അബേലയുടെ വാക്കുകൾ. ചാലക്കുടി മേലൂരിലെ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസ് (35) 2018 മുതൽ യൂറോപ്യൻ രാജ്യമായ മാൾട്ടയിലാണ് ജോലി ചെയ്യുന്നത്.
നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലിചെയ്തിരുന്ന ഗീതു, കോവിഡ് സമയത്താണ് മാൾട്ടയിലെത്തിയത്. ആ സമയത്ത്, വിമാനത്താവളത്തിൽ യാത്രക്കാർക്ക് രോഗപരിശോധന നടത്താമോ എന്ന ചോദ്യവുമായി അധികൃതർ സമീപിച്ചു. പലരും പിന്മാറിയപ്പോൾ ഗീതു ധൈര്യപൂർവം ദൗത്യം ഏറ്റെടുത്തു. പതിയെ കോവിഡ് പരിശോധനാ ദൗത്യത്തിന്റെ പൂർണ ചുമതല ഏൽപിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതല. ഇതോടെ, സർക്കാർതലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യപ്രവർത്തകരിലൊരാളായി ഗീതു മാറി.
ഇതിനിടെയാണ് പ്രധാനമന്ത്രി അബേലയുടെ പിതാവും മാൾട്ട മുൻ പ്രസിഡന്റുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണച്ചുമതലയ്ക്കായി ഔദ്യോഗിക വസതിയിലേക്കു ഗീതുവിനെ വിളിക്കുകയായിരുന്നു. ഒരു വർഷത്തോളം അബേല കുടുംബത്തിലൊരംഗമായി ഗീതു അവിടെ തുടർന്നു. റോബർട്ട് അബേലയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും ഗീതു തന്നെയായിരുന്നു തുണ.
മാൾട്ടയുടെ പുരോഗതിയിൽ ഇതരരാജ്യങ്ങളിൽ നിന്നെത്തി ജോലിചെയ്യുന്നവരുടെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കാനാണു പ്രധാനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ ഗീതുവിന്റെ പേരു പരാമർശിച്ചത്. മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് മാൾട്ടയിൽ ഗീതുവിന്റെ താമസം.