matan-kahana-netanyahu

തിരഞ്ഞെടുപ്പിന് ശേഷം ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രയേലില്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹുവിന് വീണ്ടും തിരിച്ചടി. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കാരനായ അമീർ ഒഹാനയെ മാറ്റി പ്രതിപക്ഷ നിരയിലെ മാറ്റാൻ കഹാനയെ സ്പീക്കറായി തിരഞ്ഞെടുത്തു. 120 അംഗ പാർലമെന്റിൽ 66 വോട്ടുകൾ നേടിയാണ് കഹാന സ്പീക്കർ പദവിയിലെത്തിയത്. നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടി സ്ഥാനാർഥിയായ ഒഫിർ കാറ്റ്സിന് 52 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ പാർലമെന്‍റിന്‍റെ  പ്രവർത്തനങ്ങളിലും പ്രതിപക്ഷത്തിന്‍റെ നിയന്ത്രണം വര്‍ധിക്കുകയാണ്.

ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനും സഖ്യകക്ഷികൾക്കും പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം വിജയം കൈവരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നെതന്യാഹുവിനേറ്റ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായാണ് ഈ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതേസമയം, അറബ് പാർട്ടികളുടെ പിന്തുണയോടെയാണ് കഹാന സ്പീക്കറായതെന്ന് ആരോപിച്ച് നെതന്യാഹുവിന്‍റെ അനുയായികൾ തിരഞ്ഞെടുപ്പിനെ എതിർത്തു. വോട്ടെടുപ്പിനിടെ കഹാനയെ പിന്തുണച്ച അറബ് അംഗങ്ങൾക്കെതിരെ ഭരണപക്ഷ എംപിമാർ 'ലജ്ജയില്ലേ’ എന്ന് വിളിച്ചുചോദിക്കുകയും ചെയ്തിരുന്നു.

ഒക്ടോബറിൽ നടന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പിൽ ഐസെൻകോട്ടിന്‍റെ പ്രതിപക്ഷ സഖ്യം 120 സീറ്റുകളിൽ 48 എണ്ണമാണ് നേടിയത് (യാഷർ –21 സീറ്റ്, യയ്ർ ഗോലാന്‍റെ ഡെമോക്രാറ്റ്സ്– 8, നഫ്താലി ബെന്നറ്റിന്റെ ടുഗെതർ– 12, അവിഗ്ദോർ ലീബർമാന്‍റെ ഇസ്രയേൽ ഔർ ഹോം– 7). നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകളും നേടി. എന്നാല്‍ എന്നാൽ കേവലഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകൾ തികയ്ക്കാൻ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. അറബ് പാ‍ർട്ടി സഖ്യം 19 സീറ്റാണ് നേടിയിട്ടുള്ളത്. പുതിയ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനകം സഖ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ 14 ദിവസത്തെ അധിക സമയം കൂടി നൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്. ഇല്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

സർക്കാർ രൂപീകരണത്തിനുള്ള വഴിയിൽ നിരവധി പ്രതിസന്ധികളാണ് ഐസൻകോട്ടിന് മുന്നിലുള്ളത്. എങ്കിലും പാർലമെന്‍റിന്‍റെ പൊതുസമ്മേളനവും പ്രധാന പ്രവര്‍ത്തനങ്ങളും ഇപ്പോൾ ഐസൻകോട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലായിട്ടുണ്ട്. നെതന്യാഹുവിന്‍റെ കാവൽ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും നിയന്ത്രിക്കാനുമാണ് പ്രതിപക്ഷ നീക്കം. ധനകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക പാർലമെന്ററി സമിതികളിൽ ഇടക്കാല അധ്യക്ഷന്മാരെയും പ്രതിപക്ഷം നിയമിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Caretaker Prime Minister Benjamin Netanyahu has suffered a major political setback in Israel after the Knesset elected opposition lawmaker Matan Kahana as the new Speaker, replacing Likud Party's Amir Ohana. Kahana secured 66 votes in the 120-member parliament with the backing of Arab parties, defeating Netanyahu's Likud candidate Ofir Katz, who received 52 votes.