Photo Credit: KHAOSOD ENGLISH
കാമുകിയെ കാണാനെത്തിയ മുന്‍കാമുകന് മുഖം കൊടുക്കാതെ ബാല്‍കണിയിലൊളിച്ച യുവാവ് ആറാം നിലയില്‍ നിന്ന് വീണുമരിച്ചു . തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നാണ് ഈ ദാരണസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
തായ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് ആയ യുവതി ഈയടുത്താണ് കാമുകനുമായി ബന്ധം വേര്‍പ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 12ന് അര്‍ധരാത്രിയോടെ തന്‍റെ സുഹൃത്തായ യുവാവിനെ യുവതി തന്‍റെ റൂമിലേക്ക് ക്ഷണിച്ചു. എന്നാല്‍ രാത്രി ഏറെ വൈകി യുവതിയുടെ മുന്‍ കാമുകന്‍ അവിടേക്ക് എത്തി. ഭയന്ന യുവതി ഒപ്പമുണ്ടായിരുന്ന യുവാവിനോട് ബാല്‍ക്കണിയില്‍ ഒളിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവതിയും മുന്‍ കാമുകനുമായി വഴക്കുണ്ടാകുകയും മുന്‍ കാമുകന്‍ മുറിയില്‍ നിന്ന് ഇറങ്ങിപോകുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതി ബാല്‍ക്കണിയില്‍ പോയി നോക്കിയപ്പോള്‍ യുവാവ് അവിടെയുണ്ടായിരുന്നില്ല. മുറിക്കുള്ളിലേക്ക് പക്ഷികള്‍ കടക്കാതിരിക്കാന്‍ ബാല്‍കണിയില്‍ കെട്ടിയിരുന്ന വല കീറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി കെട്ടിടത്തിന് താഴേയ്ക്ക് ഓടി. അവിടെയെത്തിയപ്പോള്‍ യുവാവിന്‍റെ മൃതദേഹമാണ് കണ്ടത്
യുവതി തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. കഴുത്തൊടിഞ്ഞതും തലയ്ക്കേറ്റ ആഘാതവുമാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അസ്വാഭാവികത മരണത്തിന് കേസെടുത്തു.