Image Credit: X
ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ രോഗികള്‍ ചികില്‍സ തേടി ക്യൂ നില്‍ക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ മുറി പൂട്ടി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് മേയര്‍. ബ്രസീലിലെ പെര്ണാംബുകോയിലാണ് സംഭവം. അതേസമയം, അകത്തെ മുറിയില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
ജാള്ട്ടന് മെസിഹാ ഡിസൂസ മുന്‍സിപ്പല്‍ ആശുപത്രിയിലാണ് സംഭവം. രോഗികളുടെ നീണ്ട നിരയായിരുന്നു ആശുപത്രിയില്‍. മൂന്ന് ഡോക്ടര്‍മാരാണ് അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രോഗികളെ ചികില്‍സിച്ചത് ഒരേയൊരു ഡോക്ടറാണ്. മറ്റ് രണ്ടുപേരെവിടെയെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് വിശ്രമമുറി പൂട്ടി അതിനുള്ളില്‍ നിന്നും ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് മേയര്‍ ബഹളമുണ്ടാക്കുകയായിരുന്നു. മേയര്‍ സംഭവത്തിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു.
രാത്രി പത്തുമണിയോടെയാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് മേയര്‍ പറയുന്നു. റിസപ്ഷനിലെ തിരക്ക് കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ മൂന്ന് പേര് ഡ്യൂട്ടിയിലുണ്ടെന്നായിരുന്നു മറുപടിയെന്നും ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ മേയര്‍ തുറന്നടിച്ചു. ഡോക്ടര്‍മാരുടെ സംഘടന മേയറുടെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ സ്വകാര്യത മേയര്‍ മാനിച്ചില്ലെന്നും പൊതുജനങ്ങള്‍ക്ക് മുന്പില് അപമാനിച്ചുവെന്നും യൂണിയന് കുറ്റപ്പെടുത്തി. 12 മണിക്കൂര്‍ നേരത്തെ ഷിഫ്റ്റിന് ശേഷം കുറച്ച് സമയത്തേക്ക് വിശ്രമിക്കാന്‍ പോയതാണ് ഇരുവരുമെന്നും മേയര്‍ ഇടപെട്ട് ജോലി സമയം ക്രമീകരിക്കുകയും ജോലിഭാരം കുറയ്ക്കുകയുമാണ് വേണ്ടതെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവം വിവാദമായതിന് പിന്നാലെ ആശുപത്രി മാനേജ്മെന്റുമായുള്ള കരാര്‍ മുനിസിപ്പാലിറ്റി റദ്ദാക്കി. ആശുപത്രിയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഡോക്ടര്‍മാര്‍ക്ക് കൃത്യോവിലോപം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.