russel-brand-uk

Image credit: Russel Brand/facebook

  • ബലാത്സംഗക്കേസിൽ നടൻ റസൽ ബ്രാൻഡിന് 10.5 വർഷം തടവ്; 'ലൈംഗിക വേട്ടക്കാരൻ' എന്ന് കോടതി. ശിക്ഷ 2004-നും 2009-നും ഇടയിൽ നടന്ന നാല് കേസുകളില്‍. പ്രശസ്തി മറയാക്കിയ ലൈംഗിക വേട്ടക്കാരനാണ് ബ്രാൻഡ് എന്ന് കോടതി

ഹോളിവുഡ് താരവും കൊമേഡിയനുമായ റസല്‍ ബ്രാന്‍ഡിന് ബലാല്‍സംഗക്കേസുകളില്‍ 10.5 വര്‍ഷം തടവുശിക്ഷ. 2004നും 2009നും ഇടയില്‍ ഉണ്ടായ നാല് കേസുകളിലാണ് താരത്തെ ശിക്ഷിച്ചത്. ബലാല്‍സംഗത്തിന് 9 വര്‍ഷം ജയില്‍വാസവും മൂന്ന് ലൈംഗികാതിക്രമക്കേസുകളില്‍ ഒന്നരവര്‍ഷം തടവുമാണ് ശിക്ഷ. ‘ലൈംഗിക വേട്ടക്കാരന്‍’ എന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് ലണ്ടനിലെ സൗത്ത്‍വാക് ക്രൗണ്‍ കോടതി ജഡ്ജി ജോയല്‍ ബെന്നാഥന്‍ റസല്‍ ബ്രാന്‍ഡിനെ വിശേഷിപ്പിച്ചത്.

പ്രശസ്തി എന്നാല്‍ ഇഷ്ടമുള്ളതൊക്കെ തോന്നുമ്പോഴെല്ലാം ചെയ്യാനുള്ള അവകാശമാണെന്നും മാന്യമായി ജീവിക്കുന്ന മനുഷ്യരുടെ നിയമങ്ങളൊന്നും തനിക്ക് ബാധകമല്ലെന്നും കരുതിയ ആളാണ് ബ്രാൻഡ് എന്ന് ജഡ്ജി പറഞ്ഞു. ശിക്ഷാവിധി കേട്ടുനിന്ന ബ്രാന്‍ഡ് അതിനോട് പ്രതികരിച്ചില്ല. കോടതിയിലുണ്ടായിരുന്ന ഭാര്യ ലോറ ബ്രാന്‍ഡിനോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞാണ് പ്രതിക്കൂട്ടില്‍ നിന്ന് ഇറങ്ങിയത്. 

london-court

കോടതി വിധിയില്‍ മെട്രൊപ്പൊളിറ്റന്‍ പൊലിസ് ഡിറ്റക്ടിവ് സൂപ്രണ്ട് ആന്‍ഡ് ഫര്‍ഫി പ്രതികരിക്കുന്നു

ബ്രിട്ടണിലെ നിയമപ്രകാരം ലൈംഗികാതിക്രമക്കേസുകളില്‍ നാലുവര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന പ്രതികളെ ശിക്ഷാകാലാവധിയുടെ മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയായാല്‍ മോചിപ്പിക്കും. എന്നാല്‍ റസല്‍ ബ്രാന്‍ഡിന് ഈ ഇളവ് ലഭിക്കില്ലെന്നാണ് വിവരം. പ്രതി സമൂഹത്തില്‍ സ്വാധീനവും സമ്പത്തുമുള്ള ആളായിട്ടും കേസില്‍ ഉറച്ചുനിന്ന അതിജീവിതകളെ ജഡ്ജ് ബെന്നാഥന്‍ അഭിനന്ദിച്ചു. 

കുറ്റവും ശിക്ഷയും

  1.  2009ല്‍ സ്വന്തം വീട്ടില്‍ വച്ച് 21കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 9 വര്‍ഷം തടവുശിക്ഷ
  2.  2004ല്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ ലണ്ടനിലെ ബാറില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും മാറിടത്തില്‍ പിടിച്ചുവലിക്കുകയും ചെയ്ത കേസില്‍ 9 മാസം തടവുശിക്ഷ
  3.  2004നും 2005നുമിടയില്‍ ലണ്ടനിലെ ചോയിസ് എഫ്എം സ്റ്റുഡിയോയില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ബലമായി ചുംബിക്കുകയും മാറിടത്തിലും മറ്റ് ശരീരഭാഗങ്ങളിലും ബലപ്രയോഗം നടത്തുകയും ചെയ്ത കേസില്‍ 18 മാസം തടവുശിക്ഷ
  4.  2009ല്‍ ചാനല്‍ ഫോര്‍ പ്രോഗ്രാമിനിടെ യുവതിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്ത കേസില്‍ 8 മാസം തടവുശിക്ഷ
crime-russel

Image credit: Russel Brand/facebook

2023 മുതല്‍ സണ്‍ഡേ ടൈംസ്, ദ് ടൈംസ്, ചാനല്‍ ഫോര്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് ഒട്ടേറെ സ്ത്രീകള്‍ ബ്രാന്‍ഡില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതും പൊലീസിനെ സമീപിച്ചതും. അതുവരെ താരപദവിയാണ് റസല്‍ ബ്രാന്‍ഡിന് തുണയായതെന്ന് കോടതി പറഞ്ഞു. ‘സ്ത്രീകള്‍ എന്ത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഏതുതരം മദ്യം കഴിച്ചാലും ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘നോ’ പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കോടതികളെ സമീപിക്കാനുള്ള എല്ലാ അധികാരവും അവര്‍ക്കുണ്ടെന്നും നിങ്ങളെപ്പോലെയുള്ള ലൈംഗിക വേട്ടക്കാര്‍ ഓര്‍ക്കണം, മിസ്റ്റര്‍ ബ്രാന്‍ഡ്’ – ജഡ്ജ് ബെന്നാഥന്‍ പറഞ്ഞു.

Image: Russel Brand, Facebook

Image credit: Russel Brand/facebook

അതിജീവിതകളെ പ്രശംസിച്ച് പൊലീസ്

റസല്‍ ബ്രാന്‍ഡ് കേസില്‍ അതിജീവിതകള്‍ കാട്ടിയ ധീരതയും ആത്മാഭിമാനവും കരുത്തുമാണ് ഈ വിധിയിലേക്ക് നയിച്ചതെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ആൻഡി ഫർഫി പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായ മറ്റ് സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വം പൊലീസിന് സമീപിക്കാനും സഹായം തേടാനും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയുടേതുൾപ്പെടെ, മറ്റ് രണ്ട് ബലാത്സംഗക്കേസുകളിൽക്കൂടി ബ്രാൻഡിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. കൂടുതൽ പേർ പരാതികളുമായി മുന്നോട്ടുവന്നാൽ അത്ഭുതപ്പെടാനില്ലെന്നും മെറ്റ് മേധാവി മാർക്ക് റൗളി വ്യക്തമാക്കി.

വാചാലമായ സംസാരശൈലിയും വ്യത്യസ്തമായ വസ്ത്രധാരണവും കൊണ്ട് ടെലിവിഷൻ അവതാരകനായി പ്രശസ്തി നേടിയാണ് റസല്‍ ബ്രാന്‍ഡ് സ്വയം ഒരു ബ്രാന്‍ഡ് ആകുന്നത്. പിന്നീട് ‘ഫോർഗെറ്റിംഗ് സാറ മാർഷൽ’, ‘ഗെറ്റ് ഹിം ടു ദ ഗ്രീക്ക്’, ‘ആർതർ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ബലാല്‍സംഗ, ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച ഇയാള്‍ ഉഭയസമ്മതമില്ലാതെ ആരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു.

Russell Brand Sentenced to 10.5 Years in Prison for Rape and Sexual Assault:

British comedian and Hollywood actor Russell Brand has been sentenced to 10.5 years in prison by London's Southwark Crown Court after being convicted of rape and three counts of sexual assault occurring between 2004 and 2009. Sentencing him, Judge Joel Bennathan branded him a "sexual predator" who believed his fame placed him above the law and beyond the rules decent people live by. The court noted that Brand’s high-profile status shielded him until investigative media exposes in 2023 prompted victims to come forward to the police. While Brand has consistently denied any non-consensual sexual activity, the Metropolitan Police commended the survivors' courage and revealed that he faces investigations into two additional rape allegations