doctor-case-mobile

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കൊച്ചിയിലെ ഡോക്ടര്‍ ജോണ്‍സണ്‍ കെ.വര്‍ഗീസ്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദത്തിലാണെന്നുമാണ് ഡോക്ടറുടെ വാദം. ദീർഘകാലമായി തനിക്ക് കീഴിൽ പരാതിക്കാരി ചികിത്സ നടത്തുന്നുണ്ടെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ഡോക്ടര്‍ പറയുന്നു. പരാതിക്കാരിയുടെ ബന്ധുവായ നടി തന്നെ കെട്ടിയിട്ട് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ചെന്നും മൂന്ന് കോടി ചോദിച്ചതിന് തെളിവായി ചാറ്റുണ്ടെന്നും ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മർദനത്തിന് പരാതി നൽകിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നാണ് ഡോക്ടറുടെ ആരോപണം.

അതേസമയം, കേസിൽ ജോൺസൺ വർഗീസിനായി ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടർക്കെതിരെ പെരുമാറ്റദൂഷ്യത്തിന് സഹപ്രവർത്തകർ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഈ മാസം മൂന്നാം തീയതിയാണ് ഡോക്ടർ അവസാനമായി ആശുപത്രിയിലെത്തിയത്. കൂടുതൽ പരാതികൾ ലഭിച്ചാൽ കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്. നിലവിൽ യുവനടിയുടെ ബന്ധു മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.

യുവനടിയുടെ ബന്ധുവായ അൻപതുകാരി പീഡനപരാതി നൽകുമെന്ന് ഉറപ്പായതോടെയാണ് ഡോക്ടർ ജോൺസൺ വർഗീസ് ഒളിവിൽ പോയത്. കേരളത്തിന് പുറത്ത് ധാരാളം ബന്ധങ്ങൾ ഉള്ള ഡോക്ടർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന. ജോൺസൺ വർഗീസിന്റെ ഫോണിൽ നിരവധി സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഡോക്‌ടറെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദിച്ച കേസിൽ യുവനടി ഉൾപ്പെടെ മൂന്നു പേര്‍ അറസ്റ്റിലായതോടെയാണ് കേസിന്‍റെ തുടക്കം. പിന്നാലെ യുവനടിയുടെ ബന്ധു ഡോക്ടര്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെയും കേസെടുത്തു. ബന്ധുവിന് നേരെ ഡോക്ടർ നടത്തിയ അതിക്രമത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് യുവനടി പൊലീസിന് നൽകിയ മൊഴി. കേസില്‍ നടിയുള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ENGLISH SUMMARY:

Dr. Johnson K. Varghese, an accused in a rape case in Kochi, has filed an anticipatory bail plea claiming the allegations are fabricated due to prior hostility. In his petition, he alleged that a popular actress, who is a relative of the complainant, bound him, filmed him nude, and extorted Rs 3 crore. Meanwhile, the Kerala Police have issued a look-out circular against the absconding doctor and expanded their search across neighboring states. Investigators have also gathered past complaints regarding his workplace misconduct and discovered private videos of multiple women stored on his mobile phone.