Image: X

അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ ഇന്ത്യക്കാര്‍ക്കുനേരെ അതിക്രമവും വംശീയാധിക്ഷേപവും. അമേരിക്കൻ തീവ്രവലതുപക്ഷ പ്രവർത്തകനായ ജെയ്ക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഘോഷം തടസ്സപ്പെടുത്തിയത്. സിയാറ്റില്‍ സെന്ററിൽ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം.

ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഇന്ത്യക്കാര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് ജെയ്ക് ലാങ്ങും കൂട്ടാളികളും അതിക്രമിച്ചുകയറിയത്. 'ഡിപോർട്ട് ഓൾ ഡോട്ട് ഹെഡ്‌സ്' (Deport All Dot Heads) എന്നിങ്ങനെയുള്ള അധിക്ഷേപകരവും വംശീയ പരാമർശങ്ങളുമടങ്ങിയ പ്ലക്കാർഡുകളുമായാണ് സംഘം എത്തിയത്. പിന്നാലെ പ്രതിഷേധക്കാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇവരെ വേദിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ അപലപിച്ച് യുഎസ് നിയമനിർമാണ സഭ പ്രതിനിധികളും ഇന്ത്യൻ- അമേരിക്കൻ സംഘടനകളും രംഗത്തെത്തി. ഇത്തരം വെറുപ്പും വർഗീയതയും നിറഞ്ഞ പ്രകടനങ്ങൾക്ക് നമ്മുടെ നഗരത്തിലോ രാജ്യത്തോ യാതൊരു സ്ഥാനവുമില്ല. ദീപാവലി പോലുള്ള പ്രധാനപ്പെട്ട ആഘോഷവേളകളിൽ ആളുകൾക്ക് ഭയമില്ലാതെ പങ്കെടുക്കാൻ കഴിയണമെന്ന് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് വുമൺ പ്രമീള ജയപാൽ എക്സിൽ കുറിച്ചു. നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ 'കോഹ്‌ന'യും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ആഘോഷവേളകളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ സമൂഹത്തോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.

2021-ലെ യു.എസ് കാപിറ്റോൾ കലാപത്തിലൂടെയാണ് തീവ്ര വലതുപക്ഷ പ്രവർത്തകനായ ജെയ്ക് ലാങ് കുപ്രസിദ്ധി നേടുന്നത്. അന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ജെയ്ക് ലാങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഇയാള്‍ക്ക് മാപ്പ് ലഭിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പ്രതിഷേധവുമായി ജെയ്ക്ക് ലാങ് എത്തിയിരുന്നു.

ENGLISH SUMMARY:

A group of Indian-Americans celebrating Diwali at the Seattle Center was subjected to racist harassment and intimidation by far-right activist Jake Lang and his followers. The demonstrators gatecrashed the cultural event carrying offensive placards containing xenophobic slurs and demanded the deportation of attendees. The incident led to a heated altercation before security and participants managed to push the intruders out of the venue. Prominent Indian-American lawmaker Pramila Jayapal and community organizations strongly condemned the hate speech, urging heightened vigilance during upcoming cultural festivities.