finland-beauty

TOPICS COVERED

നിങ്ങൾ സിംഗിളാണോ? എങ്കിൽ ഫ്രീ ആയി ഒരു ഡേറ്റിന് പോയാലോ... അതും ഫിൻലൻഡിൽ! കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലാൻഡിലേക്ക് പൂർണ്ണമായും സൗജന്യമായി ഒരു 'ബ്ലൈൻഡ് ഡേറ്റ്' യാത്ര പോകാൻ നിങ്ങൾക്കും ഇപ്പോൾ അവസരമൊരുങ്ങുകയാണ്.

ഫിൻലാൻഡിന്റെ ഔദ്യോഗിക ടൂറിസം ബോർഡായ 'വിസിറ്റ് ഫിൻലാൻഡ്' (Visit Finland) ആണ് ലോകമെമ്പാടുമുള്ള അവിവാഹിതർക്കായി 'ഫിന്നിഷ് ഡിന്നർ ഡേറ്റ്' (Finnish Dinner Date) എന്ന പേരിൽ ഈ ആവേശകരമായ ആഗോള കാമ്പെയ്‌ൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 16 ഭാഗ്യശാലികൾക്കാണ് ഫിൻലാൻഡിലേക്ക് പറക്കാൻ അവസരം ലഭിക്കുക. 4 ദിവസത്തെ ഈ ലക്ഷ്വറി യാത്രയുടെ മുഴുവൻ ചെലവും വിസിറ്റ് ഫിൻലാൻഡ് തന്നെ വഹിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾ, താമസം, മികച്ച ഫിന്നിഷ് വിഭവങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ 8 പേരെ ഫിൻലാൻഡിന്റെ മനോഹരമായ തലസ്ഥാന നഗരമായ ഹെൽസിങ്കിയിലേക്കും, ബാക്കി 8 പേരെ പ്രകൃതിഭംഗിയാർന്ന തടാകങ്ങളുടെ നാടായ താംപെറെയിലേക്കും ആണ് കൊണ്ടുപോകുന്നത്. എന്നാൽ തങ്ങൾ ഏത് നഗരത്തിലേക്കാണ് പോകുന്നതെന്ന് വിജയികൾക്ക് യാത്രയ്ക്ക് തൊട്ടുമുമ്പ് മാത്രമേ അറിയാൻ സാധിക്കൂ എന്ന വലിയൊരു സർപ്രൈസും ഇതിലുണ്ട്.

യാത്രയുടെ ഏറ്റവും വലിയ ആകർഷണം ഫിൻലാൻഡിലെ പ്രശസ്തരായ ഷെഫുമാർ തയ്യാറാക്കുന്ന തനത് വിഭവങ്ങൾ ആസ്വദിച്ചുകൊണ്ട്, അവിടുത്തെ പ്രാദേശിക സിംഗിൾസുമായി നടത്തുന്ന ഗ്രൂപ്പ് ബ്ലൈൻഡ് ഡിന്നർ ഡേറ്റ് ആയിരിക്കും. ഫിൻലാൻഡിന്റെ തനത് ഭക്ഷണസംസ്‌കാരം ആസ്വദിക്കുന്നതിനൊപ്പം ജീവിതപങ്കാളിയെ കണ്ടെത്താനും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഈ യാത്രയിലൂടെ സാധിക്കും. 2027 ഫെബ്രുവരി 9 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് ഈ സവിശേഷമായ യാത്രകൾ നടക്കുക.

18 വയസിന് മുകളിൽ പ്രായമുള്ള ഫിൻലാൻഡ് സ്വദേശികളല്ലാത്ത ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 10 ആണ്. 

പങ്കെടുക്കേണ്ട രീതി ഇപ്രകാരം

• ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ പങ്കാളിക്ക് എന്ത് ഭക്ഷണമാണ് വിളമ്പുക, അതിന്റെ കാരണം എന്താണ്?" എന്ന ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷിൽ ഒരു ചെറിയ വീഡിയോ റെക്കോർഡ് ചെയ്യുക.

• ഈ വീഡിയോ ഇൻസ്റ്റാഗ്രാം, ടിക്ടോക് അല്ലെങ്കിൽ യൂട്യൂബ് അക്കൗണ്ടിൽ #FinnishDinnerDate എന്ന ഹാഷ്ടാഗ് ചേർത്ത്, വിസിറ്റ് ഫിൻലാൻഡ് അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക (പ്രൊഫൈൽ പബ്ലിക് ആയിരിക്കണം).

 • വിസിറ്റ് ഫിൻലാൻഡ് ഔദ്യോഗിക വെബ്‌സൈറ്റിലെ (FinnishDinnerDate.com) അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ വീഡിയോ ലിങ്ക് അവിടെ സബ്മിറ്റ് ചെയ്യുക.

തിരഞ്ഞെടുക്കപ്പെടുന്ന 16 ഭാഗ്യശാലികളുടെ പേരുകൾ 2026 ഡിസംബർ 1-ന് പ്രഖ്യാപിക്കും. നിങ്ങളുടെ പ്രണയവും ഫിൻലാൻഡ് യാത്രയും ഒന്നിച്ച് യാഥാർത്ഥ്യമാക്കാൻ ഇതിലും മികച്ചൊരു അവസരം ഇനി കിട്ടാനില്ല!

ENGLISH SUMMARY:

Finnish Dinner Date is an exciting global campaign by Visit Finland offering 16 lucky singles a free luxury trip and a blind dinner date. Participants can apply by submitting a short video showcasing their creativity before the November 2026 deadline.