Image Credit:facebook/pakkeaustraliawaleofficial
ബന്ധം പിരിഞ്ഞ ശേഷം മുന് ഭാര്യ അവരുടെ സഹപ്രവര്ത്തകനെ പ്രണയിച്ചതില് കുപിതനായി കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യന് വംശജന് ഇന്ത്യയിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ പിടിയില്. ഷിക്കാഗോയില് ഓഗസ്റ്റിലാണ് സംഭവമുണ്ടായത്. അങ്കുര് പട്ടേല് (32) ആണ് അറസ്റ്റിലായത്. ഭാര്യയായിരുന്ന യുവതിയും മകളുമൊത്തായിരുന്നു അങ്കുര് നേരത്തെ കഴിഞ്ഞിരുന്നത്. മേയില് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് യുവതി വിസ്കോസിനിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല് വീട്ടുകാരുടെ സമ്മര്ദത്തെ തുടര്ന്ന് ഇവര് വീണ്ടും അങ്കുറിനൊപ്പം പോയി. പക്ഷേ ഒന്നിച്ച് ജീവിക്കാന് കഴിയാതെ വന്നതോടെ ഇവര് സഹപ്രവര്ത്തകനെ പ്രണയിച്ച് വീടുവിട്ട് ലൂസിയാനയിലേക്ക് പോയി. മകളെ അവളുടെ അച്ഛനൊപ്പം നില്ക്കാനും അനുവദിച്ചു.
യുവതി തന്നെ ഉപേക്ഷിച്ച് പോയെന്നത് അംഗീകരിക്കാന് അങ്കുറിനായില്ല. മുന്ഭാര്യയെയും അവരുടെ നിലവിലെ പങ്കാളിയെയും വകവരുത്തുമെന്ന് ഭീഷണി മുഴക്കി. മകളോട് സംസാരിക്കാന് അനുവദിക്കാതിരുന്നതോടെ ഇതേച്ചൊല്ലി ഇരുവരും തമ്മില് തര്ക്കവുമായി. കൊലപാതകത്തിന് രണ്ടാഴ്ച മുന്പ് അങ്കുര് മകളെ ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുവന്നാക്കി. തിരികെ യുഎസിലെത്തിയ ശേഷം, മകളെ കാണാന് വരുന്നില്ലേയെന്ന് നിരന്തരം യുവതിക്ക് സന്ദേശങ്ങള് അയച്ചു. വന്നു കാണൂ, അവള്ക്ക് കാണണമെന്നും പറഞ്ഞു. മകള് ഇന്ത്യയിലെത്തിയത് അറിയാതെ ഷിക്കാഗോയിലേക്ക് യുവതി പങ്കാളിയുമായി എത്തി. പങ്കാളി പുറത്ത് നില്ക്കുകയും യുവതി മകളെ കാണാന് വീട്ടിലേക്ക് കയറിപ്പോകുകയും ചെയ്തു. വീട്ടിലെത്തിയപ്പോള് മകള് എവിടെ എന്ന് ചോദിച്ച യുവതിയോട്, മടങ്ങി വന്ന് തനിക്കൊപ്പം താമസിക്കണമെന്ന് അങ്കുര് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് യുവതി വ്യക്തമാക്കിയതും കയ്യില് കരുതിയ കത്തിയെടുത്ത് കഴുത്തില് കുത്തുകയായിരുന്നു.
കുറേ നേരം കഴിഞ്ഞിട്ടും യുവതിയുടെ വിവരമില്ലാതായതോടെ പങ്കാളി ഫോണില് വിളികകുകയും മെസജ് അയയ്ക്കുകയും ചെയ്തു. ഇതിനും മറുപടി ഇല്ലാതെ വന്നതോടെ പൊലീസില് വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഏത് വീട്ടിലേക്കാണ് യുവതി കയറിപ്പോയതെന്ന് മനസിലാവാതിരുന്നതിനാല് തിരികെപ്പോയി. രാത്രിയില് പാര്ട്ടിയുണ്ടാകുമെന്ന് അങ്കുര് അറിയിച്ചതനുസരിച്ച് സുഹൃത്തുക്കള് വീട്ടിലെത്തിയപ്പോളാണ് രക്തത്തില് കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. അങ്കുര് സ്ഥലത്ത് നിന്നും രക്ഷപെടുകയും ചെയ്തിരുന്നു. ഇവര് പൊലീസില് വിവരമറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കാന് ഷിക്കാഗോ വിമാനത്താവളത്തിലേക്ക് അങ്കുര് എത്തിയെങ്കിലും കൗണ്ടര് അടച്ചതോടെ ടിക്കറ്റ് കിട്ടിയില്ല. ഇതോട അടുത്ത ഹോട്ടലില് മുറിയെടുത്ത് അങ്കുര് കത്തി ഉപേക്ഷിക്കാന് ശ്രമിച്ചു. പിറ്റേന്നത്തേക്ക് ടിക്കറ്റെടുത്ത അങ്കുര് വിമാനത്താവളത്തിലെത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലണെന്ന് വിചാരിച്ചിരുന്നില്ലെന്നും പക്ഷേ യുവതി പുതിയ പങ്കാളിക്കൊപ്പം പോയതോടെ താന് തീര്ത്തുവെന്നുമായിരുന്നു അങ്കുറിന്റെ മറുപടി.