ഇസ്രയേലില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട്ടിന്റെ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ ബെന്യമിന്‍ നെതന്യാഹു. ഐക്യസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളില്ലെന്ന് പരസ്യമായി വ്യക്തമാക്കുന്നതിനിടെയിലും യഷാര്‍ പാര്‍ട്ടിയുമായി സഖ്യസാധ്യത നെതന്യാഹു പരിഗണിക്കുന്നുവെന്ന് ഇസ്രയേല്‍ മാധ്യമമായ ഐ 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്.
Also Read: ‘യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ ഇറാനെ ആക്രമിക്കണം’; പ്രതിസന്ധിക്കിടെയിലും ട്രംപിനോട് നെതന്യാഹു
അതേസമയം ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന കടുത്ത ആശങ്കയ്ക്കിടെയാണ് നെതന്യാഹു പുതിയ സഖ്യസാധ്യത പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അധികാരം നഷ്ടമായേക്കുമെന്ന കടുത്ത ആശങ്ക ലിക്കുഡ് പാര്‍ട്ടിക്കും നെതന്യാഹുവിനുമുണ്ട്. 120 അംഗ നെസറ്റിൽ നെതന്യാഹുവിന്റെ സഖ്യകക്ഷികൾക്ക് 53 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ പാർലമെന്റിൽ ഇത് 68 ആയിരുന്നു. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചു.
Also Read: 'മേയ്ഡേ, മേയ്ഡേ...! ഞങ്ങള്‍ ഇടിച്ചിറങ്ങും'; മിസൈൽ പോലെ കൂപ്പുകുത്തി വിമാനം; 9 മരണം
പ്രതിപക്ഷ സഖ്യവും അറബ് പാര്‍ട്ടികളും ഒന്നിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലമുണ്ടാവുമെങ്കിലും പൊതുമുന്നണിയെന്ന നിലയില്‍ ധാരണയിലെത്തുക അസാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. അറബ് പാർട്ടികളുമായി ഐസൻകോട്ട് സഖ്യമുണ്ടാക്കിയാല്‍ അത് രാജ്യദ്രോഹത്തിന് തുല്യമാണെന്ന് നെതന്യാഹു നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ബദൽ സർക്കാർ രൂപീകരണം തടയാനുള്ള നെതന്യാഹുവിന്റെ ശ്രമമാണിതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.
അറബ് പാർട്ടികൾ ഉൾപ്പെടുന്ന സഖ്യസാധ്യതയ്ക്കെതിരെ ഞായറാഴ്ച ഐസൻകോട്ടിന്റെ വീടിന് മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. അതേസമയം, ജൂത-അറബ് സഖ്യസർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒത്തുചേരലുകളും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പുഫലത്തെ ചോദ്യംചെയ്തും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രംഗത്തെത്തി. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ ചില പ്രവർത്തകർ അറസ്റ്റിലായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടിയുടെ ആരോപണം. വോട്ടെടുപ്പിന് മുൻപ് പണവുമായി കണ്ടെത്തിയ മൂന്ന് രാഷ്ട്രീയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ഇസ്ലാമിസ്റ്റ് പാർട്ടിയായ റാഅമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെയും അറസ്റ്റ് ചെയ്തു. എന്നാൽ ആരോപണങ്ങൾ റാഅം പാർട്ടി നിഷേധിച്ചു. വിദേശ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഈ ബുധനാഴ്ച മുതല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ട പാർട്ടികളുമായി ചർച്ചകൾ ആരംഭിക്കും. തുടർന്ന് അടുത്ത സർക്കാർ രൂപീകരിക്കാൻ ഏത് നേതാവിനെ ചുമതലപ്പെടുത്തണമെന്ന് തീരുമാനിക്കും. സർക്കാർ രൂപീകരണത്തിന് നിയോഗിക്കപ്പെടുന്ന നേതാവ് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. ചർച്ചകൾ പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് അവസരം നൽകാനും പ്രസിഡന്റിന് കഴിയും. ആ നീക്കങ്ങളും വിജയിച്ചില്ലെങ്കിൽ ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുമുണ്ട്.