ലോകത്തിലേറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന സീരീസാണ് ബ്രേക്കിങ് ബാഡ്. കാന്‍സര്‍ രോഗിയായ കെമിസ്ട്രി അധ്യാപകന്‍ വരുമാനത്തിനായി ലഹരി നിര്‍മാണത്തിലേക്ക് കടക്കുന്നതും പൂര്‍ണമായും ഒരു വില്ലനായി മാറുന്നതുമാണ് സീരീസിന്‍റെ ചുരുക്കം. സാഹചര്യങ്ങളാണ് മനുഷ്യരെ വില്ലനാക്കുന്നതെന്ന അതേ കഥ തന്നായാണ് ഈയടുത്ത് സിംഗപ്പൂരില്‍ നടന്നത്. തന്‍റെ ജീവിതം ദുരിതത്തിലായതോടെ സാധാരണക്കാരനായ ഒരാള്‍ വില്ലനായി മാറിയ കഥ.
ആസ്മ രോഗിയായിരുന്നു ലീ ബിങ് ക്വിയാന്‍. തന്‍റെ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം വെയിറ്ററടക്കം നിരവധി ചെറിയ ജോലികള്‍ ചെയ്താണ് ഇയാള്‍ കുടുംബം പോറ്റിയിരുന്നത്. വിവാഹിതനായി പിന്നീട് കുഞ്ഞുങ്ങള്‍ പിറന്നു. എന്നാല്‍ വൈകാതെ ലീയെ ഭാര്യ ഉപേക്ഷിച്ചു. കുട്ടിയേയും കൊണ്ടുപോയി. ലീയോട് കോടതി വന്‍തുകയാണ് മാസാമാസം ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തുച്ഛവരുമാനക്കാരനായ ലീക്ക് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാല്‍ എങ്ങനെയും തന്‍റെ ദുരിത ജീവിതത്തില്‍ നിന്ന് കരകയറണമെന്ന് ലീ തീരുമാനമെടുത്തു. ഇതിനായി അല്‍പം വളഞ്ഞ വഴി തന്നെ സ്വീകരിക്കേണ്ടി വരുമെന്നും ലീ തീരുമാനിച്ചു.
അങ്ങനെ ലീ വട്ടിക്ക് 8000 ഡോളര്‍ (7,59,300 രൂപ) കടമെടുത്തു തുടര്‍ന്ന് ഒരു കെട്ടിടത്തിന്‍റെ ഭൂഗര്‍ഭ അറ വാടകയ്ക്കെടുത്ത് അവിടെ കസിനോ (ചൂതാട്ട) ബിസിനസ് തുടങ്ങി. ദിവസങ്ങള്‍ കൊണ്ടാണ് ലീ ലാഭം കൊയ്തത്.
ഭക്ഷണവും മദ്യവും നല്‍കാന്‍ രണ്ട് ജീവനക്കാരികള്‍, ചൂത് കളിക്കാനാഗ്രഹിക്കുന്നവരെ കണ്ടെത്താന്‍ രണ്ടാളുകള്‍, സുരക്ഷയ്ക്കായി രണ്ടാളുകള്‍ എന്നതായിരുന്നു ലീയുടെ രീതി.
എന്നാല്‍ വൈകാതെ പ്രദേശത്ത് അനധികൃത കസീനോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് റിപ്പോര്‍ട്ട് കിട്ടി. തുടര്‍ന്ന് ലീയുടെ കസീനോയില്‍ റെയ്ഡും നടന്നു. ചൂതാടാന്‍ വന്നവരടക്കം 27 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളറും പിടിച്ചെടുത്തു.
താന്‍ ഗത്യന്തരമില്ലാത്തതുകൊണ്ടാണ് ചൂതാട്ട ബിസിനസ് തുടങ്ങിയതെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമാണ് ലീയുടെ വാദം. എന്നാല്‍ ചൂതാട്ടം നിയമവിരുദ്ധമായതിനാല്‍ രണ്ട് മാസം തടവും 20000 ഡോളര്‍ പിഴയുമാണ് ലീയ്ക്ക് ശിക്ഷയായി വിധിച്ചത്.