സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചുവീഴ്ത്തി, പിന്നാലെ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം പൊത്തി ശ്വാസം മുട്ടിച്ചു. തുടര്‍ന്ന് കാറും മോഷ്ടിച്ച് ഹൈവേയിലൂടെ പറന്നു. 19കാരന്റെ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് യുഎസ് ജോര്‍ജിയ സ്റ്റേറ്റ്. ഒക്ടോബര്‍ 22നാണ് സംഭവം.
സാധാനങ്ങള്‍ വാങ്ങാനായി പുറത്ത് പോയതായിരുന്നു ലോറ ആന്‍ മൂറും മകന് എലൈജ ജേസ് പാര്‍ക്കറും (19). എസ്യുവി പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടെ പാര്‍ക്കിങ്ങില്‍ വച്ച് എലൈജ അമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടി ശ്വാസം മൂട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മകന്റെ കയ്യില്‍ നിന്ന് ഒരുവിധം കുതറി രക്ഷപ്പെട്ട ലോറ തൊട്ടടുത്ത റസ്റ്ററന്റിലേക്ക് ഓടിക്കയറി. ഇതോടെ എലൈജ എസ്യുവിയിലേക്ക് ഓടിക്കയറി വാഹനവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സില്ല.
ഇതോടെ സംഭവം പൊലീസിനെ അറിയിച്ചു. രണ്ട് മണിക്കൂറുകളോളം എലൈജ കാറുമായി ഹൈവേയിലൂടെ കുതിച്ചു. ചില സമയങ്ങളില്‍ ഇയാള്‍ 100 മൈല്‍ (160 കിമി) വേഗതയില്‍ വരെ കുതിച്ചിരുന്നു. തുടര്‍ന്ന് കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും പൊലീസ് എലൈജയെ പിടികൂടുകയുമായിരുന്നു. ഇടിച്ച കാറിലെ യാത്രികയ്ക്കോ എലൈജയ്ക്കോ ഗുരുതരമായ പരുക്കുകളില്ല.
മുന്‍പ് ഇന്റര്‍നെറ്റിലൂടെ ഭീകരവാദ പ്രസ്താവനകള്‍ നടത്തിയതിന് എലൈജ അറസ്റ്റിലായിരുന്നു. എന്തിനാണ് എലൈജ അമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.