പാക്കിസ്ഥാനിൽ സർക്കാരിനെ അപ്രസക്തമാക്കുംവിധം നിർണായക നയതന്ത്ര പദവികളിൽ വിരമിച്ച സൈനിക ജനറൽമാരെ നിയമിച്ച് അസിം മുനീർ. വിരമിച്ച ഒൻപത് സൈനിക ഉദ്യോഗസ്ഥർക്ക് വിദേശത്തുള്ള നയതന്ത്ര ദൗത്യങ്ങളുടെ ചുമതല നൽകിയതായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാർ സെനറ്റിൽ സമർപ്പിച്ച രേഖ വ്യക്തമാക്കുന്നു. പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കാണ് കരിയർ ഡിപ്ലോമാറ്റുകളല്ലാത്തവരെ (നോൺ-കരിയർ ഡിപ്ലോമാറ്റുകൾ) നിയമിച്ചിരിക്കുന്നത്.
വിദേശത്തുള്ള നോൺ-കരിയർ ഡിപ്ലോമാറ്റുകളുടെ വിവരങ്ങൾ, അവരുടെ പ്രഫഷനൽ പശ്ചാത്തലം, നിയമനത്തിന്റെ വിശദാംശങ്ങൾ എന്നിവ ആവശ്യപ്പെട്ട് സെനറ്റർ മുഹമ്മദ് നദൽ മഹ്മൂദ് ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് നിയമന വിവരങ്ങൾ പുറത്തുവന്നത്. വിരമിച്ച മേജർ ജനറൽ കമ്രാൻ തബ്രേസ് സവേരയെ നൈജീരിയയിലെ അബുജയിൽ ഹൈക്കമ്മിഷണറായും മേജർ ജനറൽ ഖുറം സർഫ്രാസ് ഖാനെ ജോർദാനിലെ അമ്മാനിലും മേജർ ജനറൽ നയ്യാർ നസീറിനെ ശ്രീലങ്കയിലെ കൊളംബോയിലുമാണ് നിയമിച്ചിരിക്കുന്നത്.
എയർ മാർഷൽ മുഹമ്മദ് മുഘീസ് അഫ്സലിനെ സിറിയയിലെ ഡമാസ്കസിലും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അമറിനെ ഖത്തറിലെ ദോഹയിലും മേജർ ജനറൽ കൻവർ അദ്നാൻ അഹമ്മദ് ഖാനെ യുക്രെയ്നിലെ കീവിലും നിയമിച്ചു. വൈസ് അഡ്മിറൽ ഫൈസൽ റസൂൽ ലോധി മാലദ്വീപിലെ മാലെയിലും മേജർ ജനറൽ മുഹമ്മദ് ഇർഫാൻ ബോസ്നിയയിലെ സരയേവോയിലും മേജർ ജനറൽ മുംതാസ് ഹുസൈൻ ലിബിയയിലെ ട്രിപ്പോളിയിലുമാണ് ചുമതലയേറ്റത്.
നിയമനവിവരങ്ങൾ പുറത്തുവന്നതോടെ പാക്കിസ്ഥാനിൽ നയതന്ത്ര പ്രതിനിധികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്ന ചോദ്യം ഉയരുകയാണ്. വിദേശകാര്യ സർവീസിൽ പരിശീലനവും യോഗ്യതയും നേടിയ ഉദ്യോഗസ്ഥരെ മറികടന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് ഇത്തരം പദവികൾ നൽകുന്നതിന്റെ യുക്തിയെന്തെന്നും വിമർശകർ ചോദിക്കുന്നു. കരിയർ ഡിപ്ലോമാറ്റുകളെ ഒഴിവാക്കിയുള്ള ഇത്തരം നിയമനങ്ങൾ വിദേശകാര്യ സർവീസിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, പാക്കിസ്ഥാന്റെ ഭരണത്തിലും വിദേശനയത്തിലും സൈനിക മേധാവി അസിം മുനീറിന്റെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ ചില രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനൊപ്പം നിർണായക വിദേശയാത്രകളിൽ മുനീർ പങ്കെടുക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം സന്ദർശനങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.