ഫ്രാൻസിൽ ജനകീയ പ്രക്ഷോഭത്തിനിടെ അക്രമികൾ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ മറവിൽ ചില മോഷ്ടാക്കൾ ലില്ലെയിലെ ആപ്പിൾ സ്റ്റോർ തകർത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകളും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൊള്ളയടിച്ചു. എന്നാൽ, മോഷ്ടാക്കൾക്ക് സമാധാനം നൽകുന്നതായിരുന്നില്ല ആപ്പിളിന്റെ മറുപടി.

മോഷ്ടിച്ച ഐഫോൺ ഓണാക്കാൻ ശ്രമിച്ചപ്പോൾത്തന്നെ സ്ക്രീനിൽ ഒരു സന്ദേശം തെളിഞ്ഞുവന്നു. “ഈ ഫോൺ എടുത്ത സ്ഥലത്തുതന്നെ തിരിച്ചുനൽകുക. ഫോൺ പൂർണമായി ബ്ലോക്ക് ചെയ്യുകയും നിങ്ങളുടെ ലൊക്കേഷൻ തത്സമയം ട്രാക്ക് ചെയ്യുകയും ചെയ്യും” എന്നായിരുന്നു സന്ദേശം. ഇതോടെ മോഷ്ടാക്കൾ ശരിക്കും വെട്ടിലായി.

സ്റ്റോറുകളിൽ പ്രദർശനത്തിനായി വച്ചിരിക്കുന്ന ഡെമോ ഫോണുകളും പ്രത്യേക സുരക്ഷാ സോഫ്റ്റ്‌വെയറുകളാൽ നിയന്ത്രിക്കപ്പെടുന്ന ഉപകരണങ്ങളുമാണ് മോഷ്ടിച്ചതെങ്കിൽ അവ സാധാരണ ഫോണുകളെപ്പോലെ ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല, ഇത്തരം ഉപകരണങ്ങൾ കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ നിരീക്ഷണത്തിലുമായിരിക്കും.

എന്തായാലും, കലാപത്തിനിടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളുമായി പിടിക്കപ്പെടാതെ കടന്നുകളയാമെന്ന് കരുതിയവർക്ക് ആപ്പിളിന്റെ ആന്റി-തെഫ്റ്റ് (Anti-theft) സാങ്കേതികവിദ്യയും ട്രാക്കിങ് സംവിധാനവും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഷ്ടിച്ച ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം മോഷ്ടാക്കൾക്ക് വെല്ലുവിളിയായെന്നും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports that Apple's advanced anti-theft and tracking technology successfully blocked and located iPhones stolen during public riots in France. The security software rendered the looted demonstration devices completely unusable, trapping the thieves who expected an easy escape.