മതനേതാക്കളുടെയും പ്രചാരകരുടെയും വാക്കുകള്‍ ഇടംവലം ചെവികൊടുക്കാതെ ഏറ്റെടുത്ത് അനുയായികള്‍ക്ക് പരുക്കോ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മരണമോ സംഭവിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. ഇതില്‍ ഏറ്റവും ദാരുണമായ സംഭവമായിരുന്നു 2023ല്‍ കെനിയയില്‍ നടന്നത്. ലോകാവസാനം വരുന്നു, അതിന് മുന്‍പ് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പട്ടിണി കിടന്ന് മരിച്ചാല്‍ മതിയെന്ന് പ്രചാരണം നടത്തി 400‍ലധികം ആളുകളുടെ മരണത്തിനാണ് ഒരു പാസ്റ്റര്‍ വഴിവച്ചത്. പോള്‍ മക്കെന്‍സി എന്ന പാസ്റ്ററെ കേസില്‍ പ്രതിയാക്കി കോടതി വിധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് സംഭവത്തില്‍ പുതുതായി പുറത്തുവരുന്നത്.

കെനിയയിലെ ഷാക്കഹോല കാടുകളില്‍ കുഴിച്ചിട്ട നിലയില്‍ 400ലേറെ മൃതശരീരങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു കേസിന്‍റെ ആരംഭം. ഇവയില്‍ മിക്കവാറും ശരീരങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ആകെ 26 ശരീരങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു മക്കെന്‍സിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് ഘട്ടങ്ങളായായിരുന്നു മക്കെന്‍സി പട്ടിണി മരണം പദ്ധതിയിട്ടത്. ആദ്യം കുട്ടികള്‍, പിന്നീട് സ്ത്രീകള്‍, തുടര്‍ന്ന് യുവാക്കള്‍, തുടര്‍ന്ന് മുതിര്‍ന്ന പുരുഷന്‍മാര്‍ എന്നിങ്ങനെ ആളുകളോട് പട്ടിണി കിടക്കാന്‍ മക്കെന്‍സി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ കുട്ടികളെ മുറിയിലിട്ട് പൂട്ടിയിരുന്നു. പൂട്ടിയ മുറിയില്‍ കിടന്ന കുട്ടികള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കരുതെന്നായിരുന്നു പട്ടിണിക്കിട്ട് കൊല്ലാനുള്ള രീതി. 

തന്‍റെ അനുയായികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നതോ അസുഖങ്ങള്‍ വന്നാല്‍ ആശുപത്രിയില്‍ പോകുന്നതിനോ മക്കെന്‍സി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ ചെകുത്താന്‍റേതാണെന്നായിരുന്നു മക്കെന്‍സിയുടെ പക്ഷം. കൂടാതെ മക്കെന്‍സിയുടെ പ്രത്യേക പാര്‍പ്പിടങ്ങളിലായിരുന്നു അനുയായികളുടെ വാസം. ക്യാംപുകളായി നിര്‍മിച്ച ഈ പാര്‍പ്പിടങ്ങള്‍ക്ക് ബൈബിളിലെ‍ സ്ഥലങ്ങളുടെ പേരുകളായിരുന്നു ഇട്ടത്.
ഫ്രാന്‍സില്‍ പരക്കെ കര്‍ഫ്യു; ‘പാരിസ് മുസ്‍ലിം സിറ്റി ആകും’; അനുഭവിച്ചോ എന്ന് ട്രംപ്...

മക്കെന്‍സിയും മക്കെന്‍സിയുടെ സഭയായ ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്ന 30 ആളുകളുമാണ് കേസില്‍ പ്രതികള്‍. 190 കുട്ടികളുടെയും ഒരു പ്രായപൂര്‍ത്തിയായ ആളുടെയും മരണത്തിനാണ് നിലവില്‍ ശിക്ഷ വിധിച്ചത്. ശേഷിക്കുന്നവരെ ചേര്‍ത്ത് കേസില്‍ ശിക്ഷ വിധിക്കും.

ENGLISH SUMMARY:

Manorama News reports on the conviction of cult leader Paul Mackenzie for the tragic starvation deaths of over 400 followers in Kenya. The court ruling sheds light on the horrific Shakahola forest massacre and the systematic planning behind the mass deaths.