അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പറഞ്ഞിരുന്ന കാലം മാറിത്തുടങ്ങി. ഇന്ന് കഷണ്ടി അടക്കം മരുന്നില്ലെന്ന് കരുതിയിരുന്ന പല പ്രശ്നങ്ങള്ക്കും മരുന്നുണ്ട്. ഇത്തരം അദ്ഭുത മരുന്നുകളിലെ കൂട്ടത്തില് ഏറ്റവും പ്രശസ്തമായതിലൊന്നാണ് ഭാരം കുറയ്ക്കാനുള്ള മരുന്നുകള്. എന്നാല് ഭാരം കുറയ്ക്കാനുള്ള മരുന്ന് കഴിച്ച് കാഴ്ച പോയ ഒരാളുടെ അനുഭവമാണ് സമൂഹമാധ്യമത്തില് വൈറലാകുന്നത്. കാഴ്ച കുറഞ്ഞ് കുറഞ്ഞ് ഇയാളിപ്പോള് നിയമപരമായി അന്ധനാണ് (Legally Blind).
യുഎസ് മേരിലന്ഡ് സ്വദേശിയായ ടെഡ് ഏഞ്ചലിനാണ് ദുരനുഭവമുണ്ടായത്. Ozempic എന്ന് പ്രമുഖമായ ഡയബെറ്റിക് മരുന്നാണ് ടെഡിന് പണിയായത്. 2023ലാണ് ഡോക്ടര് ടെഡിന് ഈ മരുന്ന് കുറിപ്പടി നല്കിയത്. ഈ മരുന്ന് എന്നാല് ഭാരം കുറയ്ക്കാനും വന്തോതില് ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്. മരുന്ന് കഴിക്കാന് തുടങ്ങി നാല് മാസമായതോടെ ടെഡിന്റെ കണ്ണിലേക്കുള്ള ഞരമ്പുകള് പണിമുടക്കാന് തുടങ്ങി.
2024 ന്യൂഇയറില് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള് വലത്തേ കണ്ണ് ഇരുട്ടിലായി. പൂര്ണമായും കണ്ണ് കാണാത്ത അവസ്ഥയായി എന്നാണ് ടെഡ് പറഞ്ഞത്.
ഇതോടെ ഭയന്ന ടെഡ് ആശുപത്രിയിലേക്ക് പോയി. കണ്ണിന് പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ഡോക്ടര് പറഞ്ഞത്. പ്രത്യേകം മരുന്നുകള് നല്കി അവര് ടെഡിനെ മടക്കി. എന്നാല് ടെഡ് കഴിക്കുന്ന് Ozempic ആണ് കാഴ്ച പോകാന് കാരണമെന്ന് ആര്ക്കും കണ്ടെത്താനായില്ല.
ടെഡ് മരുന്നുകഴിക്കുന്നത് തുടര്ന്നു. 10 മാസങ്ങള്ക്ക് ശേഷം ഇടത്തേ കണ്ണിലും സമാനമായ സംഭവമുണ്ടായി. ഇതോടെ സര്ജറി മാത്രമാണ് പോംവഴി എന്നായി ഡോക്ടര്മാര്. ഇതോടെ തന്റെ മരുന്നിനോട് ടെഡിന് സംശയം ജനിച്ചു. നിലവില് ടെഡിന് വലത്തേ കണ്ണിന് പൂര്ണമായും ഇടത്തെ കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയാണ്. മരുന്നിന്റെ പാര്ശ്വഫലങ്ങള് പൂര്ണമായും പറയാന് മരുന്ന് കമ്പനി വിട്ടുപോയതിനാലാണ് തനിക്ക് കാഴ്ച നഷ്ടപ്പെട്ടതെന്ന് കാണിച്ച് പരാതി നല്കി നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് ടെഡ്.