Image Credit: AP (Right)

  • 'ഞാനൊരു മനുഷ്യന്‍റെ പുറത്താണിരിക്കുന്നത്. എന്‍റെ ഭാരം കൊണ്ട് അവന്‍ വീഴാറായി. അവനെ സഹായിക്കാന്‍ പുറത്ത് നിന്നിറങ്ങുന്നതൊഴിച്ച് മറ്റെന്തും ഞാന്‍ ചെയ്യും'

പൂര്‍ണ നഗ്നനായ ഡോണള്‍ഡ് ട്രംപിന്റെ ശില്‍പം യൂറോപ്യന്‍ പാര്‍ലമെന്‍റിന് മുന്നില്‍ അനാച്ഛാദനം ചെയ്തു. ചെറിയൊരു മനുഷ്യന്‍ തലയിലേറ്റിയ നിലയിലാണ് ട്രംപിന്‍റെ സ്വര്‍ണ നിറത്തിലെ ശില്‍പം പണികഴിപ്പിച്ചിരിക്കുന്നത്. എട്ടരയടി നീളമുള്ള ഇന്‍സ്റ്റലേഷന് 'ദി ഓറഞ്ച് പ്ലേഗ്' എന്നാണ് ഡാനിഷ് ശില്‍പിയായ ജെന്‍സ് ഗല്‍ഷിയോ പേരിട്ടിരിക്കുന്നത്. 23 കാരറ്റ് സ്വര്‍ണത്തിലാണ് പ്രതിമ പൊതിഞ്ഞിരിക്കുന്നത്.

ഒരു കയ്യില്‍ ഗോള്‍ഫ് ക്ലബും മറുകൈയ്യില്‍ തുലാസും പിടിച്ച നിലയിലാണ് ശില്‍പം. ലോകം പോലെയൊരു പന്ത് കാല്‍ച്ചുവട്ടിലും വച്ചിട്ടുണ്ട്. 'അനീതിയുടെ രാജാവ്' എന്ന പരിഹാസ ടൈറ്റിലും ശില്‍പ്പത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 'ഞാനൊരു മനുഷ്യന്‍റെ പുറത്താണിരിക്കുന്നത്. എന്‍റെ ഭാരം കൊണ്ട് അവന്‍ വീഴാറായി. അവനെ സഹായിക്കാന്‍ പുറത്ത് നിന്നിറങ്ങുന്നതൊഴിച്ച് മറ്റെന്തും ഞാന്‍ ചെയ്യും' എന്ന് എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. 

ട്രംപിന്‍റെ നഗ്നശില്‍പം യൂറോപ്യന്‍ യൂണിയന്‍ പണം മുടക്കി സ്ഥാപിച്ചതല്ല. ഡാനിഷ് രാഷ്ട്രീയ നേതാവായ പെര്‍ ക്ലോസനാണിത് സ്പോണ്‍സര്‍ ചെയ്തത്. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ശില്‍പങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാമെങ്കിലും പ്രദര്‍ശിപ്പിക്കണമെങ്കില്‍ അധികൃതരുടെ അംഗീകാരം ആവശ്യമാണ്. 'അപമാനിക്കുന്നതോ, യൂറോപ്യന്‍ യൂണിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമോ ആയ ശില്‍പങ്ങളും പാര്‍ലമെന്‍റിന്റെ അന്തസ്സിനെ ബാധിക്കുന്നവയ്ക്കും അംഗീകാരം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം.

ട്രംപിന്റെ ശില്‍പം സ്ഥാപിക്കാന്‍ അനുമതി ലഭിക്കുമോയെന്ന് താന്‍ ഭയന്നിരുന്നുവെന്നും പക്ഷേ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇത് അംഗീകരിച്ചുവെന്നും ശില്‍പിയായ ഗല്‍ഷിയോ സിഎന്‍എന്നിനോട് പറഞ്ഞു. ' അമേരിക്കക്കാര്‍ ഇത് കാണുമ്പോള്‍ , ആ കൊള്ളാം, ഇത് ഞങ്ങളുടെ പ്രസിഡന്‍റ് തന്നെയാണ്. ഒരര്‍ഥത്തില്‍ പരിഹാസ്യനുമാണ് എന്ന് പറയുമെന്ന് ഞാന്‍ കരുതി. യൂറോപ്യന്‍മാരും അങ്ങനെ തന്നെയാണ് ട്രംപിനെ കാണുന്നതെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണിന്‍റെ 'ദി എംപറേര്‍സ് ന്യൂ ക്ലോത്​സ്' എന്ന കഥയാണ് ട്രംപിന്‍റെ നഗ്നശില്‍പമുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'ഏകാധിപതികള്‍ക്ക് നിങ്ങള്‍ അവരെ നോക്കി പൊട്ടിച്ചിരിക്കുന്നത് സഹിക്കാനാവില്ല' എന്നും ഗല്‍ഷിയോ പറഞ്ഞു. ലോകത്തെ ഭരണകൂടങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ക്കുമെല്ലാം ഏറ്റവും വലിയ ഭീഷണിയാണ് ഡോണള്‍ഡ് ട്രംപ്. ഇങ്ങനെയൊരു നശീകരണ സ്വാധീനത്തെ ലോകം അങ്ങനെ തന്നെ അഭിമുഖീകരിക്കുകയും ഇതിനെതിരെ ഒന്നിച്ച് നില്‍ക്കുകയും വേണം എന്നും ഗാല്‍ഷിയോ വ്യക്തമാക്കി.

ENGLISH SUMMARY:

A provocative nude, gold-covered statue of US President Donald Trump has been unveiled inside the European Parliament building in Strasbourg, France. Created by Danish sculptor Jens Galschiøt, the 2.6-metre installation titled The Orange Plague depicts Trump sitting on the shoulders of a much smaller man while holding a golf club and scales of justice, with a globe-shaped ball at his feet. The sculpture is coated in 23-carat gold leaf and is also labelled “King of Injustice