Image Credit: X@Rudraeyes
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാന്‍ തന്ത്രപ്രധാന മേഖലകളില്‍ മീന്‍വല വിരിച്ച് പാക്കിസ്ഥാന്‍റെ പ്രതിരോധം. അതിര്‍ത്തിയിലെ സൈനിക, പൊലീസ് ചെക്ക് പോസ്റ്റുകള്‍ക്ക് മുകളിലാണ് മീന്‍വലകള്‍ വിരിച്ചത്. ഖൈബർ പക്തൂൺഖ്വ മേഖലയില്‍ പാക്ക് താലിബന്‍റെ ആക്രമണങ്ങളില്‍ നിന്നും സൈനികരെ രക്ഷപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.
കൊഹാത്, കരക്, ബന്നു, ലക്കി മർവാട്ട്, ദേര ഇസ്മായിൽ ഖാൻ എന്നിവിടങ്ങളിലെ സൈനിക ഔട്ട്‌പോസ്റ്റുകളിലാണ് വലകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അല്‍–ജസീറ റിപ്പോര്‍ട്ട് ചെയ്തു. വലിയ തുക മുടക്കി ഡ്രോണ്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് പകരമാണ് മീന്‍വല ഒരുക്കിയുള്ള ഇടപെടല്‍. 1400 ഡോളര്‍ ചെലവിലാണ് പാക്കിസ്ഥാന്‍ പുതിയ രീതി പരീക്ഷിച്ചത്. അതേസമയം ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് 5000 ഡോളര്‍ മുതല്‍ 5 മില്യണ്‍ ഡോളര്‍ വരെയാണ് ചെലവ്.
ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുന്‍പ് തടയാന്‍ കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കും സംരക്ഷണ ഭിത്തികൾക്കുമിടയിലാണ് ഈ വലകൾ വലിച്ചുകെട്ടിയിരിക്കുന്നത്. ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഡ്രോണുകള്‍ വന്നാല്‍ വലയില്‍ പ്രൊപ്പല്ലറുകള്‍ കുടുങ്ങുകയും ലക്ഷ്യസ്ഥാനത്തേക്ക് എത്താതെ തടയുകയും ചെയ്യാം. വലയ്ക്ക് മുകളിൽ പൊട്ടിത്തെറിച്ചാലും, നാശനഷ്ടങ്ങൾ വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പടിഞ്ഞാറൻ അതിർത്തിയിൽ സുരക്ഷാ ആശങ്കകള്‍ നേരിടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ നടപടി. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഹംഗു ജില്ലയില്‍ ഏപ്രില്‍ 16 ന് ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. സര്‍ക്കി പിയാല പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ ഈ ജില്ലയില്‍ 16 ഡ്രോണ്‍ ആക്രമണങ്ങളാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ബാരക്കില്‍ നിന്നും പുറത്തിറങ്ങുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്.