വാടക ഗർഭധാരണം ബിസിനസാക്കുകയും രണ്ട് മാസം തൊട്ട് പ്രായമുള്ള 14 കുട്ടികളെ പീഡിപ്പിക്കുകയും ചെയ്ത് ദമ്പതികള്‍ പിടിയില്‍. യുഎസ് കലിഫോര്‍ണിയയിലാണ് സംഭവം. ഗോജുന്‍ ഷുവാന്‍ (66), സില്‍വിയ ഷാങ് (39) എന്ന ദമ്പതികളാണ് അറസ്റ്റിലായത്. സ്വന്തമായി ബിസിനസ് തുടങ്ങിയ ഇവര്‍ പുറമെ നിന്ന് സ്ത്രീകളെ വാടക ഗര്‍ഭധാരണത്തിന് പണം കൊടുത്ത് എടുക്കുകയും ചെയ്തിരുന്നു.
സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്താണ് ഷാങ് ബിസിനസ് തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായി പ്രസവിച്ചതിന് പിന്നാലെ ഷാങ്ങിന് പ്രസവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ ദമ്പതികള്‍ പുറമെ നിന്ന് സ്ത്രീകളെ തങ്ങളുടെ ബിസിനസിനായി എത്തിക്കാന്‍ തുടങ്ങി. ഓര്‍ഡര്‍ വരുന്നതിന് മുന്‍പ് ഇവര്‍ സ്ത്രീകളെ ഗര്‍ഭിണിയാക്കും. ഇത്തരത്തില്‍ ഇവര്‍ ഈയടുത്ത് 21 കുഞ്ഞുങ്ങളെ വരെ പ്രസവിച്ചെന്നാണ് കണക്ക്.
രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് തലയ്ക്ക് ഗുരുതര പരുക്കുകളോടെ ഷാങ് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ദമ്പതികള്‍ സംശയനിഴലിലാകുന്നത്. കട്ടിലില്‍ നിന്ന വീണ പരുക്കാണെന്ന് ഷാങ് പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍ക്ക് ഇതില്‍ സംശയം തോന്നി. തുടര്‍ന്ന് ഇവര്‍ ശിശുസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നടുക്കുന്ന രഹസ്യം പൊലീസ് കണ്ടെത്തിയത്. മൂന്ന് മുറികളുള്ള വീട്ടിലായി രണ്ട് മാസം മുതല്‍ പ്രായമുള്ള 14 കുഞ്ഞുങ്ങളെയാണ് ഇവര്‍ വില്‍പ്പനയ്ക്കായി ശേഖരിച്ചു വച്ചിരുന്നത്. കുഞ്ഞുങ്ങളെ നോക്കാനായി ജീവനക്കാരെയും ഈ ജീവനക്കാരെ നോക്കാനായി ഗുണ്ടകളെയും ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നു.
ഇത്തരത്തില്‍ ഒരു ജീവനക്കാരി അടിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് പരുക്ക് പറ്റിയത്.
ഇത്തരത്തില്‍ പ്രസവിച്ച് പിന്നീട് വില്‍ക്കാനാകാതായ 13 വയസുള്ള കുട്ടി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ ബിസിനസ് കൂടാതെ ഇവര്‍ പുറമെ വാടകാ ഗര്‍ഭത്തിന് തയ്യാറുള്ള സ്ത്രീകളെ വ്യാജ മേല്‍വിലാസത്തില്‍ സമീപിച്ച് ഇവരില്‍ നിന്നും പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും വാങ്ങിയിരുന്നു എന്നും രേഖകളുണ്ട്. ഇരുവര്‍ക്കും 11 മുതല്‍ 17 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. കൂടാതെ കണ്ടെത്തിയ കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.