ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സർവേ പ്രവചനങ്ങളെ അട്ടിമറിച്ച് തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് മുന്നേറ്റം. നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലൂല ദ സിൽവയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫ്ലാവിയോ ഒന്നാം റൗണ്ടിൽ മേൽക്കൈ നേടിയത്. 50 ശതമാനത്തിലധികം വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റ് പദവി നിർണയിക്കുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഒക്ടോബർ 25-ന് നടക്കും.
ആദ്യ റൗണ്ട് ഫലസൂചനകൾ പുറത്തുവന്നപ്പോൾ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കണ്ടത് അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റ്. 97 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകനായ ഫ്ലാവിയോ ബോൾസൊനാരോ 47.45 ശതമാനം വോട്ടുകൾ നേടി സർവേകളെ ഞെട്ടിച്ചു.
നാലാം തവണയും അധികാരം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ എൺപതുകാരനായ നിലവിലെ പ്രസിഡന്റ് ലൂല ദ സിൽവയ്ക്ക് ലഭിച്ചത് 44.66 ശതമാനം വോട്ടുകൾ മാത്രം. പന്ത്രണ്ട് പേര്‍ മല്‍സരിച്ചപ്പോഴും ഫ്ലാവിയോക്ക് ലഭിച്ച മുന്‍തൂക്കം ലൂല വിരുദ്ധ വികാരം അത്ര കടുത്തതെന്ന് സൂചിപ്പിക്കുന്നു. ഉയർന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, വൻതോതിലുള്ള പൊതുക്കടം, ക്രമസമാധാന തകർച്ച എന്നിവയാണ് ബ്രസീലിയൻ ജനതയെ ഭരണവിരുദ്ധ ചേരിയിലേക്ക് ആകർഷിച്ചത്.
ബാങ്കോ മാസ്റ്റർ അഴിമതിക്കേസും തെരഞ്ഞെടുപ്പിലെ രാജ്യാന്തര ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ, ബ്രസീലിന്റെ പരമാധികാരവും ഭാവിയുമാണ് ഇവിടെ പന്തയത്തിലെന്ന് ലൂല വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ട്രംപ് അനുകൂല വലതുപക്ഷ തരംഗം ശക്തിപ്പെടുന്നതിനിടെ, ഒക്ടോബർ 25-ന് നടക്കുന്ന പോരാട്ടം നിർണായകമാവുകയാണ്.