Image Credit: X

  • വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കിയ ശേഷം ഇസ്രയേലില്‍ എത്തിച്ച് ഇടിച്ചിറക്കി അപായപ്പെടുത്താന്‍ ഹമ്മിമി പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

ഫ്ലൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ആക്രമിച്ച സഹ പൈലറ്റിന്‍റെ സമൂഹ മാധ്യമപ്പോസ്റ്റുകള്‍ അപ്രത്യക്ഷം. ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമ്മമിയാണ് മച്ഛാറിനെ ആക്രമിച്ചതെന്നും വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍  ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സ്ത്രീകള്‍, മതം, സ്ത്രീ–പുരുഷ തൊഴിലിടങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഹമ്മമിയുടെ കാഴ്ചപ്പാടുകളായിരുന്നു സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചിരുന്നതെന്ന് വേണം കരുതാന്‍. Also Read: നീണ്ട കാലം സിറിയയില്‍, തീവ്ര ചിന്താഗതി; വിമാനം പറത്താന്‍ പണ്ടേ വിലക്കി ഒമാന്‍

വിവാഹത്തിന് ശേഷവും നിഖാബ് ധരിച്ച് മാത്രം പുറത്തിറങ്ങാനും ജോലിക്ക് പോകാതെ വീടിനുള്ളിലിരിക്കാനും തയാറുള്ള പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഇയാള്‍ എക്സില്‍ കുറിച്ചിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. മറ്റൊരു പോസ്റ്റില്‍ പുരുഷന്‍മാരുള്ള സ്ഥലത്ത് സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതെന്തിനാണെന്നും ഇത്തരം ചുറ്റുപാടുകളില്‍ നിന്ന് വിശ്വാസികളായ സ്ത്രീകള്‍ മാറി നില്‍ക്കണമെന്നും കുറിച്ചിരുന്നു.

2021 നും 2022 നും ഇടയില്‍ 3000ത്തോളം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായി എഐ മോഡലിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്തിന്‍റെ നിയന്ത്രണം ഹമ്മിമി കൈക്കലാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഭീകരബന്ധമുണ്ടോയെന്നതിലടക്കം അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയാകുന്നത്. ഹമ്മിമിയുടെ പിതാവ് ഒമാന്‍ പൗരനും അമ്മ സിറിയക്കാരിയുമാണ്. 2022 ഫെബ്രുവരിയില്‍ തനിക്കൊരു പങ്കാളിയെ തിരഞ്ഞ് അമ്മ മടുത്തുവെന്നും വിവാഹശേഷം നിഖാബ് ധരിക്കണമെന്നും, ജോലിക്ക് പോകരുതെന്നും താന്‍ ഒരു പൈലറ്റാണെന്നും പറഞ്ഞതോടെ പലരും വിവാഹാലോചനയില്‍ നിന്ന് പിന്‍മാറിയെന്ന് ഹമ്മിമി ട്വീറ്റ് ചെയ്തിരുന്നു.

തീവ്ര നിലപാടുകളുടെ പേരില്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഒമാന്‍ ഹമ്മിമിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് ലഭിക്കും മുന്‍പ് ഏഴ് വര്‍ഷമാണ് ഹമ്മിമി ഒമാന്‍ എയറില്‍ പൈലറ്റായിരുന്നത്. സ്വഭാവത്തിലെ പ്രകടമായ മാറ്റത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതോടെ സിറിയയിലേക്ക് ഹമ്മിമി കടന്നുവെന്നും അവിടെ വച്ച് കൂടുതല്‍ തീവ്രചിന്താഗതിക്കാരുമായി അടുത്തുവെന്നുമാണ് നിലവില്‍ പുറത്തുവന്ന വാര്‍ത്തകള്‍. ആറു മാസം മുന്‍പാണ് ഹമ്മിമി ഫ്ലൈ ദുബായ് പൈലറ്റായി ജോലിയില്‍ പ്രവേശിച്ചത്. 

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തില്‍ 90 ശതമാനത്തോളം ഇസ്രയേല്‍ പൗരന്‍മാരും ആറ് അമേരിക്കന്‍ പൗരന്‍മാരും ഇന്ത്യക്കാരും യുഎഇ പൗരന്‍മാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കിയ ശേഷം ഇസ്രയേലില്‍ എത്തിച്ച് ഇടിച്ചിറക്കി അപായപ്പെടുത്തുകയായിരുന്നു ഹമ്മിമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. 

ബുധനാഴ്ചത്തെ അക്രമ സംഭവത്തിന് ഒന്‍പത് മണിക്കൂര്‍ ശേഷം ഹമ്മിമിയുടെ പേരിലെ ലിങ്ക്ഡ്​ ഇന്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുവെന്നും എന്നാല്‍ ഇത് നേരത്തെ ഷെഡ്യൂള്‍ ചെയ്ത് വച്ചിരുന്നതാണോയെന്ന് വ്യക്തമല്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട ്ചെയ്യുന്നു. ഈ പോസ്റ്റുകളിലൊന്നില്‍ ബോയിങ് 737 മാക്സ് വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്നുള്ള ചിത്രങ്ങളും ഇസ്രയേലി എയര്‍ലൈന്‍ വിമാനങ്ങളുടെ ചിത്രങ്ങളും ചേര്‍ത്ത വിഡിയോ ആയിരുന്നു. വിഡിയോ അവസാനിക്കുന്നത് അല്‍ ഖ്വയ്ദ നേതാവായിരുന്ന അയ്മന്‍ അല്‍ സവാഹിരിയുടെയും ഹുമാം ഖാലില്‍ അല്‍ ബലാവിയുടെയും ചിത്രങ്ങളോട് കൂടിയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജെറുസലേം എന്നീ പുണ്യസ്ഥലങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചിരുന്നുവെന്നും മരണത്തെയും തിരസ്കരണത്തെയും ഭയമില്ലെന്ന് സൂചിപ്പിക്കുന്ന കവിത ഇതിനൊപ്പം ചേര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Hamam al-Hammami, the Omani co-pilot accused of attacking Flydubai Captain Smit Machchhar and attempting to take control of the aircraft, has come under scrutiny over his past social-media activity. Reports say posts expressing conservative views on women, including comments about women wearing the niqab and staying at home after marriage, have disappeared from his social-media accounts, while thousands of older posts were reportedly deleted. Al-Hammami had also reportedly faced restrictions on flying in Oman over concerns about extremist views, and investigators are examining his background and possible links to extremism.