fly-dubai-incident

TOPICS COVERED

  • തീവ്ര നിലപാടുകളുടെ പേരിൽ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്നും ഒമാൻ എയറിലെ പരിശീലന റോളിൽ നിന്നും ഇയാളെ മുൻപ് നീക്കിയിരുന്നു.

ടെല്‍അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തില്‍  ആക്രമണം നടത്തിയ ഒമാനി പൈലറ്റിനെ തിരിച്ചറിഞ്ഞു. വിമാനത്തിലെ കോ–പൈലറ്റ് ഹമാം അൽഹമാമിയാണെന്ന് സൗദി മാധ്യമമായ അല്‍– അറബിയ ഇംഗ്ലിഷ് റിപ്പോര്‍ട്ട് ചെയ്തു. തീവ്ര നിലപാടുകളുടെ പേരില്‍ ഇയാള്‍ക്ക് ഒമാനിൽ വിമാനം പറത്തുന്നതിന് വിലക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

Also Read: നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ 'ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ'

ഒമാനില്‍ വിമാനം പറത്തുന്നത് തടഞ്ഞതിനു പിന്നാലെ ഇയാള്‍ രാജ്യം വിട്ടു. കുറെകാലം ഹമാം സിറിയയില്‍ കഴിഞ്ഞിരുന്നുവെന്നും ഈസമയത്താകാം തീവ്രചിന്താഗതിയിലേക്ക് ആകൃഷ്ടനായതെന്നാണ് അനുമാനം. ഇതിനുശേഷമാണ് ഇയാള്‍ യുഎഇയിലേക്ക് എത്തുന്നത്. ഏട്ടു മാസത്തോളമായി ഇയാള്‍ ഫ്ലൈദുബായില്‍ ജോലി ചെയ്യുകയായിരുന്നു.  

ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറിലെ പരിശീലന റോളില്‍ നിന്നും ഇയാളെ നീക്കാന്‍ കാരണം തീവ്രവാദ ആശയങ്ങളാണെന്ന് കഴിഞ്ഞ ദിവസം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഹമാമിനെ മറ്റൊരു ജോലിയിലേക്ക് നിയോഗിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 'ഫ്രീ പലസ്തീൻ' ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും ലഭിച്ചിരുന്നതായി ഇസ്രയേലി മാധ്യമമായ ഐ24 റിപ്പോര്‍ട്ട് ചെയ്തു. 

Also Read: ഷിന്‍ ബെറ്റ് പരിശോധനകള്‍ ഒഴിവാക്കി; ഫ്ലൈദുബായ് സംഭവത്തിനു പിന്നില്‍ ഇസ്രയേലിന്‍റെ വലിയ വീഴ്ച

ഒമാന്‍ പൗരനായ ഹമാം അൽഹമാമി യുഎഇയിലാണ് ജനിച്ചത്. ഇയാളുടെ പിതാവ് ഒമാനിയും അമ്മ സിറിയന്‍ സ്ത്രീയുമാണ്. വര്‍ഷങ്ങളോളം ഇയാള്‍ യുഎഇയിലായിരുന്നുവെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്ക് ഇരട്ടപൗരത്വമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് അന്വേഷണ ഏജന്‍സി തള്ളിയതായി ദജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണമുണ്ടായ ശേഷം സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിനു പിന്നാലെ ഹമാം അൽഹമാമിയെ സൗദി അറേബ്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ ഇസ്രയേലി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. എന്നാല്‍ ഏത് ഇസ്രയേലി ഏജന്‍സിയാണ് ചോദ്യം ചെയ്യുകയെന്ന് വ്യക്തമല്ല. 

അതേസമയം, അതിക്രമത്തിനു പിന്നില്‍‌ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള സുരക്ഷ വീഴ്ചയും കാരണമായെന്ന് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ക്ക് രാജ്യത്തേക്ക് പറക്കാന്‍ വിലക്കുണ്ടെങ്കിലും ഇതുലംഘിച്ച് നിരവധി ഒമാനി പൈലറ്റുമാര്‍ ടെല്‍അവീവ് വിമാനങ്ങള്‍ പറത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതില്‍ ഇസ്രയേല്‍ സുരക്ഷാഏജന്‍സിയായ ഷിന്‍ ബെതിന് വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ENGLISH SUMMARY:

Saudi media outlet Al Arabiya English has identified the co-pilot involved in the Flydubai Tel Aviv flight incident as Hamam Al-Hamami, an Omani citizen born in the UAE to an Omani father and Syrian mother. The co-pilot, who had been working with Flydubai for about eight months, was previously banned from flying in Oman due to his extremist views and was removed from a training role at Oman Air. Following the emergency landing in Tabuk, Saudi Arabia, Al-Hamami was transferred to the UAE, where Israeli authorities are scheduled to interrogate him. Meanwhile, Israeli media Channel 12 reported significant security lapses by Israel's internal security agency, Shin Bet, for failing to enforce ban regulations on pilots from non-diplomatic nations operating flights to Tel Aviv.