ക്രിസ്റ്റ പൈക്ക് (ഫയല്‍– REUTERS )

ക്രിസ്റ്റ പൈക്ക് (ഫയല്‍– REUTERS )

TOPICS COVERED

അമേരിക്കയിലെ ടെനിസിയിൽ കുറ്റവാളിയായ വനിതയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വധശിക്ഷ നടപ്പാക്കുന്നതിനായി മാരകമായ വിഷം കുത്തിവെച്ചിട്ടും  പ്രതിയായ  ക്രിസ്റ്റ പൈക്ക്   മരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.  അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1995-ൽ തന്‍റെ 18-ാം വയസ്സിൽ കൊളിൻ സ്ലെമ്മർ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 50 കാരിയാണ് ക്രിസ്റ്റ പൈക്ക്. കഴിഞ്ഞ ബുധനാഴ്ച (സെപ്റ്റംബർ 30)യാണ് ക്രിസ്റ്റയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെനിസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യു.എസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

തടവുകാരിക്ക് മാരകമായ വിഷാംശം കുത്തിവെച്ചെങ്കിലും, അവർ തുടർന്നും ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരിക്കാതെ മയങ്ങിവീണ യുവതി ഉറക്കത്തിൽ കൂർക്കംവലിക്കുന്ന ശബ്ദം വരെ കേട്ടതായി വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകർ വെളിപ്പെടുത്തി. മരണം സംഭവിക്കാത്തതിനെ തുടർന്ന് ജയിലിൽ നിന്നും അവരെ അടുത്തുള്ള ആശുപത്രിയിലേക്ക മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ജയിലധികൃതര്‍ സംഭവത്തില്‍ ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.

അസാധാരണ സംഭവത്തെ തുടർന്ന് അമേരിക്കയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള ചർച്ചകളും നിയമപരമായ തർക്കങ്ങളും വീണ്ടും ശക്തമായിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട കൊളിൻ സ്ലെമ്മറുടെ കുടുംബത്തിന് നീതി വൈകുന്നതിലും വലിയ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

കേസിന്‍റെ പശ്ചാത്തലം

1995 ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ തന്റെ 17 വയസ്സുകാരനായ കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രിസ്റ്റ പൈക്ക്, തന്റെ സഹപാഠി 19 വയസ്സുള്ള കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയത്. ക്രിസ്റ്റ പൈക്കും കാമുകനും ചേര്‍ന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി, ബോക്സ് കട്ടർ ഉപയോഗിച്ചും മരത്തടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ തലകീഴായ നക്ഷത്ര ചിഹ്നം കൊത്തിവെക്കുകയും ചെയ്തു. ഈ ചിഹ്നം മൂലം ‘സാത്താൻ സേവയുടെ ഭാഗമായുള്ള കൊലപാതകം എന്ന രീതിയില്‍ കേസ് വലിയ മാധ്യമ ശ്രദ്ധ നേടി. കൊലപാതകത്തിന് ശേഷം ക്രിസ്റ്റ സഹപാഠികളോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. 

ആക്രമിക്കാൻ മാത്രമാണ് പദ്ധതിയിട്ടതെന്നും എന്നാല്‍ പിന്നീട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് ക്രിസ്റ്റയുടെ മൊഴി. ക്രിസ്റ്റയുടെ വയസും ബാല്യത്തില്‍ അനുഭവിക്കാനിടയായ ശാരീരിക-ലൈംഗിക പീഡനങ്ങളും മാനസിക വെല്ലുവിളികളും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. ക്രിസ്റ്റയ്ക്ക് ബൈപോളാർ ഡിസോർഡറും പി.ടി.എസ്.ഡി.യും സ്ഥിരീകരിച്ചതായും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 1996-ലാണ് കേസില്‍ കൊലക്കുറ്റത്തിന് ക്രിസ്റ്റ ശിക്ഷിക്കപ്പെടുന്നത്. അന്ന് ടെന്നസിയിലെ വധശിക്ഷാ തടവുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ക്രിസ്റ്റ. ക്രിസ്റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ വാതിലുകളും അടഞ്ഞത്.

ENGLISH SUMMARY:

The execution of 50-year-old death row inmate Christa Pike in Tennessee failed after the lethal injection administered to her did not result in death. Witnesses reported that she continued to breathe and remained alive hours after the procedure, prompting authorities to rush her to a nearby hospital. Pike was condemned for the brutal 1995 murder of her classmate Colleen Slemmer when she was 18 years old. This rare execution failure has reignited intense legal debates surrounding capital punishment methods in the United States.