visa-trump

TOPICS COVERED

അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകളെയും ഐ.ടി ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ് എച്ച്-1ബി  വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എച്ച്-1ബി വീസ പ്രോഗ്രാമിലെ നിയന്ത്രണങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടി.  സെപ്റ്റംബർ 18-ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ഈ നീട്ടൽ, 2027 സെപ്റ്റംബർ 21 വരെ പ്രാബല്യത്തിലുണ്ടാകും. യു.എസിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ചില എച്ച്-1ബി ജീവനക്കാർക്ക് 100,000 ഡോളർ‌‌ പണമടയ്ക്കണം എന്ന നിബന്ധനയാണ് ഈ ഉത്തരവിലെ പ്രധാന ഘടകം. എച്ച്-1ബി ഗുണഭോക്താക്കളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരായതിനാൽ, ഈ മാറ്റങ്ങൾ അവർക്ക് ഏറെ നിർണായകമാണ്. എന്നാൽ ഈ 100,000 ഡോളർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 

എന്താണ് ഈ വീസ നിയന്ത്രണങ്ങൾ? 

യു.എസിന് പുറത്തുള്ളതും പുതിയതായി രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നതുമായ ചില എച്ച്-1ബി ജീവനക്കാർക്കാണ് ഈ നിയമം ബാധകമാകുന്നത്. നിയമങ്ങൾ അനുസരിച്ച്, ഇളവുകൾ ലഭിച്ചില്ലെങ്കിൽ ഇവരുടെ എച്ച്-1ബി അപേക്ഷയോടൊപ്പം 100,000 ഡോളർകൂടി അടയ്ക്കേണ്ടി വരും. അതേസമയം എച്ച്-1ബി വീസയുള്ള എല്ലാവരും നിർബന്ധമായും നൽകേണ്ട ഫീസല്ല ഇത്. ഈ തുക ജീവനക്കാരൻ സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടതല്ല, മറിച്ച് ജീവനക്കാരനെ കൊണ്ടുവരുന്ന കമ്പനിയാണ് നൽകേണ്ടത്. ഒരു ജീവനക്കാരനെയോ കമ്പനിയെയോ രാജ്യത്തേക്ക് കൊണ്ടുവരുമ്പോൾ ഇതിൽ നിന്ന് ഇളവുകൾ നൽകാൻ യു.എസ് ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറിക്ക് അധികാരമുണ്ട്.

നിലവിൽ അമേരിക്കയിലുള്ളവര്‍ക്ക് ഇത് ബാധകമാണോ?

ഇല്ല എന്നതാണ് ആശ്വാസകരമായ വസ്തുത. അമേരിക്കയ്ക്ക് പുറത്തുള്ള പുതിയതായി ജോലിക്ക് വരാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഉത്തരവ്. നിലവിൽ അമേരിക്കയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എച്ച്-1ബി വീസ ഉടമകൾ തങ്ങളുടെ ജോലി തുടരുന്നതിനായി പെട്ടെന്ന് 100,000 അടയ്ക്കേണ്ടതില്ല. വീസയുടെ സാധാരണ പുതുക്കലുകളെ  ഇത് ബാധിക്കില്ല. അതുകൊണ്ട് നിലവിൽ യു.എസിൽ ജോലി ചെയ്യുന്ന ആളുടെ സാഹചര്യവും വിദേശത്തിരുന്ന് വീസ അംഗീകാരത്തിനായി കാത്തിരിക്കുന്ന ആളുടെ സാഹചര്യവും തികച്ചും വ്യത്യസ്തമാണ്.

ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?

h1b1

യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) കണക്കുകൾ പ്രകാരം അംഗീകരിക്കപ്പെടുന്ന എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. തൊട്ടടുത്തുള്ള ചൈനയ്ക്ക് ഇത് വെറും 12 ശതമാനം മാത്രമാണ്.അതുകൊണ്ടുതന്നെ എച്ച്-1ബി വീസയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിച്ചേക്കാം.

ഇന്ത്യയിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് ഇനി എന്താണ് സംഭവിക്കുക?

യു.എസിന് പുറത്തിരുന്ന് ജോലിക്ക് അപേക്ഷിക്കുന്നവരെ സംബന്ധിച്ച് തങ്ങളുടെ കേസ് ഈ പുതിയ ഉത്തരവിന് കീഴിൽ വരുമോ എന്നതാണ് പ്രധാനം. അങ്ങനെ വരികയാണെങ്കിൽ ഒരു ജീവനക്കാരനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. എന്നാല്‍ കമ്പനികൾക്ക് വളരെ അത്യാവശ്യമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് ഈ അധിക തുക മുടക്കാൻ ഒരുപക്ഷേ അവർ തയ്യാറായേക്കും. എന്നാല്‍ സാധാരണ തസ്തികകളിലേക്ക് പുതിയ ആളുകളെ എടുക്കുന്നത് കുറയ്ക്കാനോ റിക്രൂട്ട്‌മെന്റ് രീതികളിൽ മാറ്റം വരുത്താനോ കമ്പനികൾ നിർബന്ധിതരായേക്കാം.

ഈ നിയമം നിലവിൽ പ്രാബല്യത്തിലുണ്ടോ?

ഈ ഫീസുമായി ബന്ധപ്പെട്ട് വലിയ നിയമപോരാട്ടം അമേരിക്കയിൽ നടക്കുന്നുണ്ട്. എച്ച്-1ബി അപേക്ഷകർക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബോസ്റ്റണിലെ ഒരു ഫെഡറൽ കോടതി ഇതിനകം ഈ ഉത്തരവ് തടഞ്ഞിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ്. കേസ് ഇപ്പോൾ ഫെഡറൽ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. കൂടാതെ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ മറ്റൊരു ഹരജിയും നിലവിലുണ്ട്.

ചുരുക്കത്തിൽ ഇന്ത്യൻ പ്രഫഷണലുകൾക്ക് മുന്നിൽ എച്ച്-1ബി വഴികൾ പൂർണമായി അടഞ്ഞിട്ടില്ല. എന്നാൽ വിദേശത്ത് നിന്ന് പുതിയ ജീവനക്കാരെ യു.എസിലേക്ക് കൊണ്ടുവരുന്നതിലെ നിയമങ്ങൾ കൂടുതൽ കർശനമാകുകയാണ്. കോടതിയിലെ അപ്പീലിൽ അന്തിമ വിധി വരുന്നത് അനുസരിച്ചായിരിക്കും ഈ ഫീസിന്‍റെ ഭാവി തീരുമാനിക്കപ്പെടുക.

H-1B Visa: New Regulations and Their Impact on Indian Professionals:

H-1B visa changes, particularly the potential $1,000,000 fee for new entrants, significantly impact Indian IT professionals and job seekers. While the rule is currently facing legal challenges and applies to those outside the US seeking entry, it creates uncertainty for future applicants and may alter recruitment strategies for companies