അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഡ്വൈറ്റ് ഡി. ഐസൻഹോവറില്‍ വീണ്ടും അപകടം. വിമാനം തിരിച്ചിറക്കുന്നതിനിടെ നിയന്ത്രണ സംവിധാനം പാളിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് യുഎസ് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ട് 6.18ന് വിര്‍ജീനിയ തീരത്തുണ്ടായ അപകടത്തില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി യുഎസ്എൻഐ ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുഎസ്എസ് ഐസന്‍ഹോവറിന്‍റെ എയര്‍വിങ് ത്രീയുടെ ഭാഗമായ ഇരട്ടസീറ്റര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ ഇജക്ട് ചെയ്തു. ഇവരെ കടലില്‍ നിന്ന് രക്ഷപെടുത്തിയതാണ് നാവികസേന സ്ഥിരീകരിച്ചു. അപകടത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു.
രണ്ട് വൈമാനികരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. ഇതിൽ ഒരു നാവികനെ തുടർചികിത്സയ്ക്കായി നോർഫോക്ക് മേഖലയിലെ ആശുപത്രിയിലേക്ക് മാറ്റി.
ജൂലൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷമുള്ള പ്രാരംഭ പരിശീലനങ്ങളുടെ ഘട്ടത്തിലാണ് യുഎസ്എസ് ഐസൻഹോവർ ഇപ്പോൾ. ഷിപ്പ് സ്പോട്ടർമാർ നൽകുന്ന വിവരമനുസരിച്ച്, വിർജീനിയയിലെ നേവൽ സ്റ്റേഷൻ നോർഫോക്കിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്.
തകർന്ന വിമാനം ഏതാണെന്ന് സേന വ്യക്തമാക്കിയിട്ടില്ലെങ്കിലും, നേവിയുടെ എയർ വിംഗുകളിൽ എഫ്/എ-18എഫ് സൂപ്പർ ഹോർണറ്റ്, ഇഎ-18ജി ഗ്രൗളർ ഇലക്ട്രോണിക് അറ്റാക്ക് എയർക്രാഫ്റ്റ് എന്നീ ഇനങ്ങളില്‍പ്പെട്ട ഇരട്ട സീറ്റ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ രണ്ട് സീറ്റുകളുള്ള ടി-45 ഗോഷോക്ക് ട്രെയിനർ വിമാനവും യുഎസ് നേവി ഉപയോഗിക്കുന്നുണ്ട്.