ruppur-power-plant-bangladesh

Image Credit: Jusujon/commons.wikimedia.org

  • അതിരൂക്ഷമാണ് ബംഗ്ലദേശിലെ ഊര്‍ജ പ്രതിസന്ധി. ദിവസവും 16 മണിക്കൂര്‍ വരെയാണ് ഗ്രാമീണ മേഖലകളില്‍ വൈദ്യുതി മുടങ്ങുന്നത്

ഒരുകാലത്ത് ഉറ്റ ചങ്ങാതിമാരായിരുന്നു പാക്കിസ്ഥാനും ബംഗ്ലദേശും. എന്നാലിതാ ആ ചങ്ങാത്തക്കാലം കഴിഞ്ഞുവെന്നതാണ് രാജ്യാന്തര തലത്തിലെ പുതിയ വാര്‍ത്ത. ബംഗ്ലദേശിനുള്ള ആണവ ഇന്ധനവുമായി പോയ റഷ്യന്‍ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിലെ ആദ്യ ആണവ പ്ലാന്‍റായ റൂപ്പറിലേക്കുള്ള ഇന്ധനം കഴിഞ്ഞ വ്യാഴാഴ്ചയാണ് എത്തേണ്ടിയിരുന്നത്. കടുത്ത ഊര്‍ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബംഗ്ലദേശിന് വ്യാഴാഴ്ച ഇന്ധനം ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ വ്യോമപാത പാക്കിസ്ഥാന്‍ വിലക്കിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 

റഷ്യന്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള റൊസാറ്റമാണ് റൂപ്പര്‍ പ്രൊജക്ട് ബംഗ്ലദേശില്‍ ചെയ്യുന്നത്. ഇവരാണ് പദ്ധതിക്കാവശ്യമായ യുറേനിയം എത്തിക്കുന്നതും. പാക്കിസ്ഥാന്‍ വ്യോമപാത വിലക്കിയെന്ന വാര്‍ത്ത ബംഗ്ലദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെങ്കിലും കാരണം വ്യക്തമാക്കിയില്ലെന്നാണ് വിശദീകരിച്ചത്. അസര്‍ബൈജാന്‍, കസഖിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങള്‍ പിന്നിട്ട് വേണമായിരുന്നു വിമാനത്തിന് ധാക്കയിലേക്ക് എത്തിച്ചേരാന്‍. 'പാക്കിസ്ഥാന്‍റെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കാന്‍ വിമാനത്തിന് അനുമതി നിഷേധിക്കപ്പെട്ടു. പക്ഷേ എന്തുകാരണം കൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നതില്‍ പാക്കിസ്ഥാന്‍ വ്യക്തത വരുത്തിയിട്ടില്ല' എന്നായിരുന്നു ബംഗ്ലദേശ് സയന്‍സ് ആന്‍റ് ടെക്നോളജി മന്ത്രി ഫഖ്വിര്‍ മഹ്ബൂബ് അനം എഎന്‍ഐയോട് പ്രതികരിച്ചത്. 

അവസാന നിമിഷമാണ് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതെന്ന് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബംഗ്ലദേശ് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. വിമാനം ഇറങ്ങാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി ലഭിച്ചില്ലെന്ന വിവരം റൊസാറ്റത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്ന് ശാസ്ത്ര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി തൗഹിദുല്‍ ഇസ്​ലാമും പ്രതികരിച്ചു. പ്രതിസന്ധി നീങ്ങാത്തതിനാല്‍ ഇന്ധനമെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ റൊസാറ്റം പരിഗണിക്കുകയാണ്. ഇന്ധനമെത്തിച്ച് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒക്ടോബറിലേ ഇനി കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിനുള്ള ബാക്കി ഇന്ധനം ഏഴ് പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി ഡിസംബറോടെ എത്തിച്ചേരുമെന്ന് റൊസാറ്റം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ബംഗ്ലദേശിലെ പ്രൊജക്ടിനെ ബാധിക്കില്ലെന്നും കമ്പനി വിശദീകരിച്ചു. 

അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ബംഗ്ലദേശിലേക്കുള്ള റഷ്യന്‍ വിമാനത്തിന് വ്യോമപാത വിലക്കിയതെന്നാണ് ധാക്കയിലെ പാക് ഹൈക്കമ്മിഷന്‍റെ വിശദീകരണം. 'ബംഗ്ലദേശുമായുള്ള ബന്ധത്തെ അതീവ പ്രാധാന്യത്തോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. ചില സാങ്കേതിക കാരണങ്ങളാകാം നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍. മറിച്ചുള്ള എല്ലാ വാദങ്ങളെയും റിപ്പോര്‍ട്ടുകളെയും തള്ളിക്കളയണമെന്നും ഉഭയകക്ഷി ബന്ധം പൂര്‍വാധികം ശക്തമായി മുന്നോട്ട് പോകുമെന്നും പാക്കിസ്ഥാനി എംബസി അവകാശപ്പെട്ടു.

രാജ്യാന്തര തലത്തില്‍ തന്നെ വൈദ്യുതി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലദേശ്. പ്രധാനമായും ഇന്ത്യയില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നതും. ബംഗ്ലദേശിന്‍റെ സാമ്പത്തിക നാഡിയായ ടെക്സ്റ്റൈല്‍ ഫാക്ടറികളുടെ നിലനില്‍പ്പിന് വൈദ്യുതി അത്യാവശ്യവുമാണ്. അതിരൂക്ഷമാണ് ബംഗ്ലദേശിലെ ഊര്‍ജ പ്രതിസന്ധി. ദിവസവും 16 മണിക്കൂര്‍ വരെയാണ് ഗ്രാമീണ മേഖലകളില്‍ വൈദ്യുതി മുടങ്ങുന്നത്. ആശുപത്രികളില്‍ പോലും വൈദ്യുതി ലഭ്യമല്ല. ടോര്‍ച്ച് വെളിച്ചത്തില്‍ രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ ദുരിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെല്ലാം ഒരു പരിധിവരെ റൂപ്പര്‍ പ്രൊജക്ട് പരിഹാരമാകുമെന്നാണ് കരുതുന്നത്. കോവിഡിനെ തുടര്‍ന്നും പിന്നീടുണ്ടായ യുക്രെയ്ന്‍–റഷ്യ യുദ്ധത്തെ തുടര്‍ന്നും പദ്ധതി രണ്ടു വര്‍ഷം വൈകിക്കഴിഞ്ഞു. പ്രൊജക്ട് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒക്ടോബര്‍ മുതല്‍ 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Pakistan unexpectedly denied airspace access to a Russian cargo plane transporting nuclear fuel (uranium) to Bangladesh for its first nuclear power plant, the Rooppur Nuclear Power Project in Pabna. Operated by Russia's state atomic energy corporation Rosatom, the delivery was critically required to help Bangladesh address a severe national energy crisis marked by up to 16-hour daily blackouts in rural areas. While Bangladesh Science and Technology Minister Fakqir Mahboob Anam confirmed the denial without clear justification from Islamabad, the Pakistan High Commission in Dhaka downplayed the incident, citing undisclosed "technical reasons" and asserting that bilateral relations remain strong. Rosatom is currently arranging alternative transport routes, though the delay pushes the plant's operational timeline and initial 300 MW power generation capacity to October.