അരുമമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന സംഭവം അപൂര്‍വമല്ല. പ്രായം കൂടുന്നതോടെയോ അല്ലെങ്കില്‍ വളര്‍ത്താനാകാത്ത അവസ്ഥയാകുമ്പോഴോ ഇത്തരം മൃഗങ്ങളെ ആളുകള്‍ ഉപേക്ഷിക്കാറുണ്ട്. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയരാറുണ്ട്. എന്നാല്‍ വാടകവീടുപേക്ഷിച്ചതിന് പിന്നാലെ തന്‍റെ 71 പൂച്ചകളെ വീട്ടില്‍ ഉപേക്ഷിച്ച ഉടമ അറസ്റ്റിലായ വാര്‍ത്തയാണ് സിംഗപ്പൂര്‍ ബുക്കിത് പന്‍ഛാങ്ങില്‍ നിന്നും പുറത്തുവരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വീട് തുറന്നപ്പോള്‍ കണ്ടത് ക്രൂരമായ കാഴ്ചയാണ്.
മുഹമ്മദ് ഖൈറുല്‍ നയീം സൈനോള്‍ എന്ന യുവാവും ഭാര്യ നൂറുല്‍ നാദിയ നൂര്‍ മുഹമ്മദും 2018ലാണ് ഒരു വീട് വാടകയ്ക്കെടുക്കുന്നത്. 2019ല്‍ ഇവര്‍ നിരവധി പൂച്ചകളെ വാങ്ങി വളര്‍ത്താനും തുടങ്ങി. എന്നാല്‍ വന്ധ്യംകരണം നടത്താത്ത പൂച്ചകളായിരുന്നതിനാല്‍ ഇവ മാസങ്ങള്‍ക്കുള്ളില്‍ പെറ്റുപെരുകാനും തുടങ്ങി.
2022ല്‍ യുവാവിന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ദമ്പതികള്‍ താമസം മാറാന്‍ തീരുമാനിച്ചു. എന്നാല്‍ പൂച്ചകളെ കൊണ്ടുപോകുന്നതിന് പകരം വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 71 പൂച്ചകളായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ആദ്യമാദ്യം പൂച്ചകള്‍ക്ക് യുവാവ് ഭക്ഷണം നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തി. തുടര്‍ന്ന് 2024ല്‍ പ്രദേശവാസികള്‍ എല്ലും തോലുമായ ഒരു പൂച്ചയെ വീടിന്‍റെ എസിയുടെ ഇന്‍ടേക്കില്‍ തുങ്ങിക്കിടക്കുന്നത് കണ്ടതോടെയാണ് വാര്‍ത്ത പുറത്തുവരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ ഇതിനോടകം പരാതി നല്‍കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുറി തുറന്ന പൊലീസ് കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്. മുറിയുടെ നിലം മുഴുവന്‍ പൂച്ചകളുടെ വിസര്‍ജ്യത്താല്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതിലും ഭീകരമായിരുന്നു 12 പൂച്ചകളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശുചിമുറിയിലെ ക്ലോസറ്റിലെ വെള്ളം കുടിച്ചായിരുന്നു ഇവ ജീവിച്ചിരുന്നത്. ഭക്ഷണത്തിനായി ഇവ പരസ്പരം ആക്രമിച്ച് കൊന്ന് തിന്നിട്ടുണ്ടാകാം എന്നും നിഗമനമുണ്ട്. ഇതുകൂടാതെ പൂച്ചകള്‍ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. 61 പൂച്ചകളെയാണ് ജീവനോടെ കണ്ടെത്തിയത്.
2026ല്‍ ഇതിന് പിന്നാലെ ഗുരുതര വകുപ്പുകള്‍ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. കേസില്‍ യുവാവിനെ ഒരു വര്‍ഷം തടവും 15000 ഡോളര്‍ (14 ലക്ഷം രൂപ) പിഴയും ലഭിച്ചേക്കാം.