പെറ്റല്‍ ഗെലോട്ട്, യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി (Image Credit: PTI)

  • ‘സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ല. അത് ഇന്ത്യയുടെ അവകാശമാണ്. സ്വയം പ്രതിരോധിക്കാന്‍ ആവശ്യമുള്ളതെല്ലാം ഇന്ത്യ ചെയ്തിരിക്കും.’

യുഎന്‍ പൊതുസഭയില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഉന്നയിച്ച് ഇന്ത്യയെ തോല്‍പ്പിച്ചെന്നവകാശപ്പെട്ട പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. ഭീകരരും അത് പ്രോല്‍സാഹിപ്പിക്കുന്നവരും അതിന്‍റെ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കണമെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പെറ്റെല്‍ ഗെലോട്ട് പറഞ്ഞു. ‘സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ല. അത് ഇന്ത്യയുടെ അവകാശമാണ്. സ്വയം പ്രതിരോധിക്കാന്‍ ആവശ്യമുള്ളതെല്ലാം ഇന്ത്യ ചെയ്തിരിക്കും.’ പെറ്റെല്‍ പറഞ്ഞു. Also Read: 'ഇന്ത്യയെ നിലംപരിശാക്കി, പാഠം പഠിപ്പിച്ചു!' യുഎന്നില്‍ വീണ്ടും പാക് പ്രധാനമന്ത്രിയുടെ ‘ഗുണ്ട്’!

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ (Image Credit: Reuters)

കാപട്യം മാത്രം കൈമുതലായുള്ള രാജ്യമാണ് പാക്കിസ്ഥാനെന്ന് ഗെലോട്ട് തുറന്നടിച്ചു. ‘അവര്‍ പകല്‍ സുരക്ഷയെക്കുറിച്ച് പറയും, രാത്രി ഭീകരപ്രവര്‍ത്തനം നടത്തും. പാക്കിസ്ഥാനിലെ ഭീകരര്‍ക്ക് ഓടാനും ഒളിക്കാനും ഇടമുണ്ടാകില്ലെന്ന് ഇന്ത്യ കഴിഞ്ഞവര്‍ഷം തെളിയിച്ചുകൊടുത്തു. യുഎന്‍ വേദിയില്‍ വന്നുനിന്ന് ഓരോവര്‍ഷവും കള്ളങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് സത്യമാവില്ല. യുഎന്‍ പാകിസ്താനെയും അതിന്റെ നയങ്ങളെയും അവയുടെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കണം; അല്ലാതെ അവരുടെ പ്രതിനിധികള്‍ നടത്തുന്ന വ്യാജപ്രകടനങ്ങളല്ല.’ - ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. Read More: ഭീകരരാജ്യമാണോ എന്നോടീ ചോദ്യം ചോദിക്കുന്നത്?; പാക് മാധ്യമപ്രവര്‍ത്തകന് വായടച്ച് മറുപടി നല്‍കി എസ്.ജയശങ്കര്‍

ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ 'കപട പ്രസംഗങ്ങളെ' പെറ്റെല്‍ രൂക്ഷമായി വിമർശിച്ചു. പാകിസ്താൻ എന്നത് അവിടത്തെ സൈന്യത്തിന്റേതും, സൈന്യത്തിനു വേണ്ടിയുള്ളതും, സൈന്യം നടത്തുന്നതുമായ ഭരണകൂടമാണ്. അവരുടെ കളിപ്പാവകൾ മാറിയേക്കാം. പക്ഷേ അധികാരം നിയന്ത്രിക്കുന്നത് സൈന്യം തന്നെയാണ്. പാക്കിസ്ഥാന്‍റെ ഇരട്ടത്താപ്പും കാപട്യവും അവര്‍ക്കോ ലോകത്തിനോ ഒരു ഗുണവും ചെയ്യില്ലെന്നും ഇന്ത്യന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.

മതസഹിഷ്ണുതയെക്കുറിച്ചുള്ള ഷഹബാസ് ഷെരീഫിന്റെ പരാമർശത്തിൽ, പാക്കിസ്ഥാന്‍റെ മുൻകാല ചരിത്രം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ദൈവനിന്ദാ നിയമങ്ങളാണ് പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ പ്രധാന ആയുധം. പാക്കിസ്ഥാന്‍ അവിടത്തെ ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകത്തിന് അറിയാവുന്നതാണെന്നും ഗെലോട്ട് പറഞ്ഞു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ ഗെഹ്‌ലോട്ട്, പാക് അധീന കശ്മീരിലെ (PoK) മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് വിരൽചൂണ്ടി. ‘നമുക്ക് ശ്രദ്ധ പാക് അധീന കശ്മീരിലേക്ക് തിരിക്കാം. അവിടെ പാക്കിസ്ഥാന്‍ ഭരണകൂടം നടത്തുന്ന വിവേചനരഹിതമായ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റാവൽകോട്ടിലെ ജനങ്ങളോടുതന്നെ ചോദിക്കൂ,’ അവർ പറഞ്ഞു. 

സിന്ധു നദീജല കരാര്‍ പുനസ്ഥാപിക്കണമെന്ന ഷഹബാസ് ഷെരീഫിന്‍റെ ആവശ്യം ഇന്ത്യ തള്ളി. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാന്‍, അതിർത്തി കടന്നുള്ള ഭീകരവാദത്തിനും എല്ലാത്തരം ഭീകര പ്രവർത്തനങ്ങൾക്കുമുള്ള പിന്തുണ ശാശ്വതമായി അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ചുനിര്‍ത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച നയതന്ത്രപരവും സാമ്പത്തികവുമായ ശിക്ഷാ നടപടികളുടെ ഭാഗമായാണ് സിന്ധു നദീജല കരാർ മരവിപ്പിച്ചത്.

ENGLISH SUMMARY:

India delivered a scathing right of reply to Pakistan Prime Minister Shehbaz Sharif’s address at the UN General Assembly, warning that terrorists and their sponsors must be prepared to face consequences. Representing India, diplomat Petal Gahlot declared that India needs no external permission to defend itself and will take all necessary measures to safeguard its sovereignty. Calling Pakistan a nation driven by hypocrisy, India highlighted its military response during Operation Sindoor, proving that terrorists in Pakistan will find nowhere to run or hide. India firmly rejected Shehbaz Sharif’s demand to restore the Indus Waters Treaty, affirming that the treaty will remain suspended until Pakistan permanently halts cross-border terrorism. Furthermore, India pointed out human rights violations in Pakistan-occupied Kashmir (PoK) and criticized Pakistan’s treatment of religious minorities and its military-dominated governance.