Taliban security officers inspect the scene of what Taliban officials said were Pakistani airstrikes in Khost province, Afghanistan, Thursday, Sept. 24, 2026. (AP Photo/Saifullah Zahir)

മക്ക സംയുക്ത സൈനിക കരാറില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാക്കിസ്ഥാന്‍റെ പുതിയ തന്ത്രം. സൗദി- ഹൂതി സംഘര്‍ഷത്തില്‍ ഇടപെടാതിരിക്കാന്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുകയാണെന്ന് താലിബാന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കാണ്ഡഹാറിലടക്കം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. 

കാണ്ഡഹാറില്‍ നടന്ന മതപരിപാടിയില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിച്ചത്. കരാറിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ വേണ്ടി പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍റെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ആക്രമണമെന്നും ആരോപണമുണ്ട്. പാക്കിസ്ഥാൻ 'ഒരു കളി കളിക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു.  പത്തിടങ്ങളില്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. വിവിധ പ്രവിശ്യകളില്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാലു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കി. 

ഓഗസ്റ്റ് ഏഴിനാണ് സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങള്‍ 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പിട്ടത്. പ്രാദേശിക സുരക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യത്തിന് എതിരായ ആക്രമണത്തെ എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നും കരാറില്‍ പറയുന്നു.സൗദിക്ക് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകാൻ തുര്‍ക്കിക്ക് കഴിയുമെന്ന് വിദേശകാര്യ മന്ത്രി ഹകൻ ഫിഡാൻ വ്യക്തമാക്കി. എന്നാല്‍ കരാറില്‍ സംഘര്‍ഷത്തില്‍ ഇടപെടാതിരിക്കാനുള്ള നിലപാടിലാണ് പാക്കിസ്ഥാന്‍. ഒരു രാജ്യത്തിന് മേല്‍ ഒറ്റയ്ക്ക് ആക്രമണം നടത്താന്‍ ഈ കരാര്‍ അംഗങ്ങളെ അനുവദിക്കുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. ഏതെങ്കിലും അംഗരാജ്യം ആക്രമണത്തിന് ഇരയായാല്‍ ഒരുമിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Taliban has accused Pakistan of orchestrating recent military strikes in Afghanistan to intentionally distance itself from the Makkah Joint Defense Pact. Four civilians were killed after Pakistani forces targeted multiple locations, including Kandahar, amid rising regional tensions. Taliban spokesperson Zabihullah Mujahid stated that Islamabad is manufacturing border conflicts to divert public attention from domestic troubles. The Makkah defense agreement, signed in August by Saudi Arabia, Pakistan, and Turkey, obligates members to treat an attack on one as an attack on all.